Headlines

ഗവര്‍ണറുമായി നല്ല ബന്ധം സൂക്ഷിക്കും; ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ല: മന്ത്രി പി സി വിഷ്ണുനാഥ്

 

തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി നല്ല ബന്ധം സൂക്ഷിക്കുമെന്നും ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പി സി വിഷ്ണുനാഥ്. കേരളത്തിന്റെ താത്പര്യത്തിന് എതിരായ തീരുമാനം ഉണ്ടായാല്‍ സര്‍ക്കാരിന് സര്‍ക്കാരിന്റെ നിലപാട് പറയേണ്ടി വരുമെന്നും നല്ല പിന്തുണയാണ് അദ്ദേഹം ഉറപ്പ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഡിബേറ്റ് വിത്ത് സ്മൃതി പരുത്തിക്കാടില്‍ സംസാരിക്കുകയായിരുന്നു വിഷ്ണുനാഥ്.വകുപ്പുകളില്‍ ഔദ്യോഗികമായി തീരുമാനം അറിയിച്ചിട്ടില്ല. മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്നുതന്നെ അറിയിക്കും. മാധ്യമങ്ങളില്‍ നിന്നും ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടുന്നയാളല്ല മുഖ്യമന്ത്രി. ഇന്ന് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ജനം ഒഴുകിയെത്തിയത് ഒരു സൂചനയാണ്. കഴിഞ്ഞ 10 വര്‍ഷം ജനങ്ങളെ സര്‍ക്കാര്‍ അകറ്റി നിര്‍ത്തി. ജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ച രാവണന്‍ കോട്ടയായി സെക്രട്ടേറിയറ്റിനെ മാറ്റിയിരുന്നു. അവിടേക്ക് സ്വാതന്ത്ര്യം കിട്ടിയ പോലെയാണ് ജനം ഒഴുകിയെത്തിയത്.

 

ആക്‌സസിബിലിറ്റി എന്നത് ജനാധിപത്യത്തില്‍ പ്രധാനപ്പെട്ടതാണ്. ആദ്യ ക്യാബിനറ്റില്‍ തന്നെ ആശാ വര്‍ക്കര്‍മാക്ക് നല്‍കിയ വാക്ക് പാലിച്ചു. ഏറ്റവും ദുര്‍ബലരായ ജനങ്ങളെ കാണുന്ന സര്‍ക്കാരാണിതെന്ന് കൃത്യമായ സന്ദശേം നല്‍കാന്‍ കഴിഞ്ഞു. സത്യം അറിയിക്കാനാണ് ധവളപത്രം ഇറക്കുന്നത്. കേരളത്തിന് ദോഷമാകുന്ന ഒരു നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ട് പോകില്ലെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.