തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ കർണാടകയിൽ സോളാർ നിലയം പരിഗണിച്ച് സർക്കാർ. സ്വകാര്യ കമ്പനിയാണ് 1500 മെഗാവാട്ട് ശേഷിയുള്ള പദ്ധതി മുന്നോട്ട് വെച്ചിരിക്കുന്നത്. വൈദ്യുതി ഉൽപ്പാദിപ്പിച്ച് പീക്ക് അവറിൽ കേരളത്തിലേക്ക് കൊണ്ടുവരുന്നതാണ് പദ്ധതി. നിർദ്ദേശം സർക്കാരിന് മുന്നിലുണ്ടെന്ന് വൈദ്യുതി വകുപ്പ് സ്ഥിരീകരിച്ചു. എന്നാൽ അന്തിമ തീരുമാനം എടുത്തിട്ടില്ലന്നും വകുപ്പ് വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിൽ സർക്കാർ വിജയിച്ചെന്നും ഒക്ടോബറിൽ നിയന്ത്രണം ഉണ്ടായിട്ടില്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഒന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയും വൈദ്യുതമന്ത്രിയും കേന്ദ്ര ഊർജ്ജമന്ത്രാലയവുമായി സംസാരിച്ചു. പ്രതിസന്ധി പരിഹരിക്കാൻ ഉള്ള പരിശ്രമങ്ങൾ തുടരുകയാണ്. സർക്കാർ വിജയിക്കും.
മുൻ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി എഴുതിയ ലേഖനം പ്രതിസന്ധിയുടെ യഥാർത്ഥ കാരണം വ്യക്തമാക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. 4500 മെഗാവാട്ടിന്റെ കുറവ് പ്രതീക്ഷിച്ചിരുന്നു എന്നാണ് ലേഖനത്തിൽ പറയുന്നത്. കേരളം വൈദ്യുതോല്പാദനത്തിന് ജലപദ്ധതികളാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ 10 കൊല്ലം കൊണ്ട് ജലവൈദ്യുത പദ്ധതിയിൽ ആകെ ഉണ്ടായ ഉത്പാദന വർദ്ധനവ് 150 മെഗാ വാട്ടാണ്. ദേശീയ തലത്തിൽ തന്നെ വൈദ്യുതി പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.









