Headlines

‘ആ രണ്ടാഴ്ച ഇപ്പോള്‍ അനിശ്ചിതമായി മാറിയിരിക്കുന്നു’; ഐഎസ്എല്‍ മാറ്റിവെച്ചതില്‍ സുനില്‍ ഛേത്രി

മാസ്റ്റര്‍ റൈറ്റ്‌സ് എഗ്രിമെന്റ് പുതുക്കുന്നതില്‍ തീരുമാനം ആകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഐ എസ് എല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്. ഇപ്പോള്‍ അതില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും ടോപ് സ്‌കോററുമായ സുനില്‍ ഛേത്രി.

‘പ്രീ-സീസണ്‍ പരിശീലനം രണ്ടാഴ്ച വൈകിയെന്ന വാര്‍ത്ത ആദ്യം പുറത്തുവന്നപ്പോള്‍, സന്തോഷം ആണ് തോന്നിയത്. കാരണം, നീണ്ട അവധിക്കാലത്തിന് ശേഷം ആരോഗ്യത്തിലേക്ക് മടങ്ങാന്‍ കൂടുതല്‍ സമയം ലഭിക്കുമെന്ന് കരുതി. എന്നാല്‍, ആ ‘രണ്ടാഴ്ച’ ഇപ്പോള്‍ ‘അനിശ്ചിതമായി’ മാറിയിരിക്കുന്നു, ആ സന്തോഷം മറഞ്ഞുപോയിരിക്കുന്നു,’ ബെംഗളൂരു എഫ്സിയുടെ ക്യാപ്റ്റനും, ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റനുമായ ഛേത്രി എക്‌സില്‍ കുറിച്ചു. മാത്രവുമല്ല, ഈ അനിശ്ചിതത്വത്തില്‍ ആശങ്ക അറിയിച്ചുക്കൊണ്ട് തനിക്ക് താരങ്ങള്‍, സ്റ്റാഫ് അംഗങ്ങള്‍, ഫിസിയോകള്‍, മസാജര്‍മാര്‍ എന്നിവരില്‍ നിന്ന് ധാരാളം സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും, മറ്റ് ക്ലബ് അംഗങ്ങളില്‍ നിന്നുപോലും ഇത്തരം സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താരങ്ങളെ പോലെ തന്നെ മറ്റ് ക്ലബ് അംഗങ്ങളും ആശങ്കയിലാണെന്ന് ഇത് വ്യക്തമാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും (AIFF) ഐ എസ് എല്‍ നടത്തിപ്പിക്കാരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ടെവേലോപ്‌മെന്റ്‌റ് ലിമിറ്റഡും (FSDL) തമ്മിലുള്ള മാസ്റ്റര്‍ റൈറ്റ്‌സ് അഗ്രിമെന്റിനെ (MRA) ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2025 – 26 സീസണ്‍ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചത്. ഇതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ താരങ്ങള്‍ക്ക് മറ്റ് ടീമുകളില്‍ ചേക്കേറാന്‍ അനുവാദം കൊടുത്തെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.