അഹമ്മദാബാദ് വിമാന അപകടത്തില്‍ നിന്ന് വിശ്വാസ് കുമാര്‍ എന്ന യാത്രക്കാരന്‍ രക്ഷപ്പെടുന്ന അവിശ്വസനീയമായ പുതിയ വീഡിയോ ഇന്ന് പുറത്തുവന്നു. വിമാനം തീഗോളം കണക്കെ കത്തുമ്പോള്‍ റോഡിലേക്ക് നടന്നു വരുന്നതാണ് ദൃശ്യങ്ങള്‍.
ഉഗ്ര സ്‌ഫോടനത്തോടെ പൊട്ടിത്തെറിച്ച് വിമാനം കത്തുമ്പോഴാണ് അതിലെയൊരു യാത്രക്കാരന്‍ ഹോസ്റ്റല്‍ കോമ്പൗണ്ടില്‍ നിന്ന് പുറത്തേക്ക് നടന്നു വരുന്നത്. 11 A സീറ്റില്‍ ഉണ്ടായിരുന്ന വിശ്വാസ് കുമാര്‍ എന്ന ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്റെ രക്ഷപ്പെടല്‍ അവിശ്വസനീയമാണെന്ന് ഈ ദൃശ്യങ്ങള്‍ വീണ്ടും തെളിയിക്കുന്നു. അപകടത്തിന് പിന്നാലെ രക്ഷപ്പെട്ട് റോഡിലൂടെ നടന്നു നീങ്ങുന്ന അദ്ദേഹത്തിന്റെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. വിമാനം കത്തുന്നതിന്റെ പശ്ചാത്തലത്തില്‍ നടന്നുവരുന്ന പുതിയ ദൃശ്യങ്ങള്‍ രക്ഷപ്പെടലിന്റെ അവിശ്വസനീയത വ്യക്തമാക്കുന്നു.
അതേസമയം, വിമാന അപകടത്തില്‍ കൊല്ലപ്പെട്ട വിജയ് രൂപാണിയുടെ മൃതദേഹം 12 മണിക്ക് ശേഷമാണ് ബന്ധുക്കള്‍ക്ക് കൈമാറിയത്. ഔദ്യോഗിക ആദരവോടെയാണ് വിമാനത്താവളത്തിലേക്ക് മൃതദേഹം കൊണ്ടുപോയത്. സ്വദേശമായ രാജ്‌കോട്ടില്‍ വിലാപയാത്രയ്ക്കും വീട്ടില്‍ പൊതുദര്‍ശനത്തിനും ശേഷം അഞ്ചുമണിയോടെയായിരുന്നു സംസ്‌കാരം. സംസ്ഥാനം ഇന്ന് ഔദ്യോഗിക ദുഃഖാചരണം ആചരിക്കുകയാണ്. ഡിഎന്‍എ പരിശോധന നടത്തി മൃതദേഹങ്ങള്‍ എല്ലാം തിരിച്ചറിയാനുള്ള തീവ്രശ്രമം തുടരുകയാണ്. ഇതുവരെ 45 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്.
അഹമ്മദാബാദ് വിമാനഅപകടത്തെ കുറിച്ച് ജെഡിയു എംപി സഞ്ജയ് ഝായുടെ നേതൃത്വത്തിലുള്ള പാര്‍ലിമെന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റി അന്വേഷണം നടത്തിയേക്കും. വിമാന യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഈ സമിതി തയ്യാറാക്കും എന്നും വിവരം. ബോയിംഗ് കമ്പനിയുടെ വിദഗ്ധരും ഇന്ന് അഹമ്മദാബാദില്‍ അപകട സ്ഥലത്ത്പരിശോധന നടത്തി.