എല്ലാ മനുഷ്യരുടേയും ആരോഗ്യത്തിന് നല്ല ഭക്ഷണവും വ്യായാമവും പോലെ പ്രധാനമാണ് നല്ല ഉറക്കവും. കുട്ടികള്‍ക്ക് നല്ല ഉറക്കം കിട്ടേണ്ടതിന്റെ പ്രധാന്യം കുറച്ച് കൂടുതലുമാണ്. കുട്ടികളുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും വളരെ പ്രധാനപ്പെട്ട ഉറക്ക ശീലങ്ങളുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ… (Common Bedtime Habits Parents Should Change for child’s good sleep)
അവര്‍ കൂടുതല്‍ ഉറങ്ങിക്കോട്ടേ…
മുതിര്‍ന്ന ആളുകളേക്കാള്‍ കൂടുതല്‍ ഉറക്കം കുട്ടികള്‍ക്ക് ആവശ്യമാണ്. സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ 9 മുതല്‍ 12 മണിക്കൂര്‍ വരെ ഉറങ്ങിയാലും കുഴപ്പമില്ല. അവര്‍ക്ക് മുതിര്‍ന്നവരേക്കാള്‍ കൂടുതല്‍ ഉറക്കം ആവശ്യമാണ്. അവരുടെ ഉറക്കത്തിന്റെ സമയം അപഹരിക്കുന്ന വിധത്തില്‍ അവര്‍ക്ക് അനാവശ്യ സമ്മര്‍ദങ്ങള്‍ നല്‍കരുത്. നിങ്ങളുടെ കുട്ടി കൗമാരപ്രായത്തിലെത്തിയെങ്കില്‍ 8 മുതല്‍ 10 മണിക്കൂര്‍ വരെ ഉറങ്ങാന്‍ അനുവദിക്കേണ്ടതാണ്.
ഇക്കാര്യങ്ങള്‍ ചെയ്യുന്നത് ഒഴിവാക്കാം
മുറിയില്‍ ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് ബ്രൈറ്റ് ലൈറ്റുകള്‍ ഉപയോഗിക്കുന്നതും നിങ്ങള്‍ ഫോണ്‍, ലാപ്‌ടോപ് മുതലായവ മുറിയില്‍ ഇരുന്ന് ഉപയോഗിക്കുന്നതും കുട്ടിയ്ക്ക് രാത്രിയില്‍ ഫോണ്‍ നല്‍കുന്നതും ഒഴിവാക്കാം.
കുട്ടിയ്ക്ക് വളരെ ചെറുപ്പത്തില്‍ തന്നെ കാപ്പി നല്‍കി ശീലിപ്പിക്കേണ്ട. പ്രത്യേകിച്ച് ഉച്ച തിരിഞ്ഞ് 3 മണിക്ക് ശേഷം അവര്‍ക്ക് കഫീന്‍ അടങ്ങിയ ഒന്നും നല്‍കാതിരിക്കാം.
പകല്‍ ഇടയ്ക്കിടെ മയങ്ങാന്‍ അനുവദിക്കാതെ അവര്‍ക്ക് രാത്രിയില്‍ ദീര്‍ഘമായി ഉറങ്ങാന്‍ അവസരം നല്‍കുകയാണ് വേണ്ടത്.
രാത്രി അത്താഴം അത്ര ഹെവിയായി നല്‍കരുത്.
രാത്രിയില്‍ ഒരുപാട് നേരം ഓടിക്കളിക്കാന്‍ പ്രോത്സാഹിപ്പിക്കേണ്ട. ശരീരം അനങ്ങിയുള്ള ചെറുവ്യായാമങ്ങളും കളികളും പരമാവധി രാവിലെയോ വൈകുന്നേരമോ ചെയ്യിപ്പിക്കുക.
ഇക്കാര്യങ്ങള്‍ മറക്കാതിരിക്കാം
കുട്ടിയുടെ ഉറക്കശീലങ്ങള്‍ അവഗണിക്കാതിരിക്കാം. ഉദാഹരണത്തിന് നിങ്ങള്‍ കൂടെ കിടക്കുന്നതാണ് കുട്ടിയ്ക്ക് ഇഷ്ടമെങ്കില്‍ അവര്‍ക്ക് വേണ്ടി അത് ചെയ്തുകൊടുക്കുക. വേണമെങ്കില്‍ അവര്‍ക്ക് പാട്ട് വച്ചുകൊടുക്കാം. അല്ലെങ്കില്‍ പാടിക്കൊടുക്കാം. എന്നിരിക്കിലും ഒരുപാട് ശബ്ദത്തില്‍ വേണ്ട.
പരമാവധി കുട്ടിയെ ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശീലിപ്പിക്കുക.
കുട്ടി രാവിലെ എണീറ്റയുടന്‍ അവര്‍ക്ക് സൂര്യപ്രകാശം കൊള്ളാനും ഇളവെയിലേല്‍ക്കാനുമുള്ള അവസരം കൊടുക്കുക.
അവരെക്കൊണ്ട് ലഘുവ്യായാമങ്ങള്‍ ചെയ്യിക്കുക
കിടപ്പുമുറി വൃത്തിയായി സൂക്ഷിക്കുക. വെളിച്ചവും താപനിലയും ക്രമീകരിക്കാകുമെങ്കില്‍ ക്രമീകരിക്കുക.






