Headlines

‘ചേരി രഹിത മുംബൈ’; ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി മഹായുതി സഖ്യം

ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിനുളള പ്രകടന പത്രിക പുറത്തിറക്കി മഹായുതി സഖ്യം. സ്ത്രീകള്‍ക്ക് 5 ലക്ഷം രൂപ പലിശരഹിത വായ്പ, ചേരി രഹിത മുംബൈ, അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനുള്ള എഐ ഉപകരണം എന്നിവയുള്‍പ്പെടെ നിരവധി പുതിയ വാഗ്ദാനങ്ങളാണ് മുന്നോട്ട് വച്ചിട്ടുള്ളത്. ഹിന്ദുത്വത്തോടൊപ്പം വികസനത്തിനും പ്രകടന പത്രിക മുന്‍ഗണന നല്‍കുന്നുവെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ജനുവരി 15നാണ് ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്.മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ, കേന്ദ്ര മന്ത്രി രാംദാസ് അത്തവാലെ, ബിജെപി നേതാക്കളായ ആശിഷ് ഷെലാര്‍, അമിത് സതാം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മുംബൈ നിവാസികള്‍ 265,000 നിര്‍ദേശങ്ങളാണ് നല്‍കിയിരുന്നതെന്നും അതനുസരിച്ചാണ് പ്രകടനപത്രിക തയാറാക്കിയതെന്നും അമിത് സതാം പറഞ്ഞു.

ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാനസൗകര്യ വികസനത്തിനാണ് മഹായുതി ഊന്നല്‍ നല്‍കുന്നത്. മുംബൈയുടെ മാറ്റത്തിനായി സുസ്ഥിര വികസനം, ആധുനിക അടിസ്ഥാനസൗകര്യം, സുസ്ഥിരത എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു.മുംബൈയുടെ സബര്‍ബന്‍ റെയില്‍വേ നെറ്റ്‌വര്‍ക്ക് അപ്‌ഗ്രേഡ് ചെയ്യും, BEST ബസുകളില്‍ വനിതാ യാത്രക്കാര്‍ക്ക് 50 ശതമാനം കണ്‍സെഷന്‍, ജലഗതാഗത സേവനങ്ങളുടെ വിപുലീകരണം എന്നിവയും ഫട്‌നാവിസ് ഉറപ്പ് നല്‍കുന്നു. BEST ബസുകളുടെ എണ്ണം 5000ത്തില്‍ നിന്ന് 10000മാക്കുമെന്നും അദ്ദേഹം പറഞ്ഞു. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്താന്‍ ഐഐടി ബോംബെയുടെ സഹകരണത്തോടെ എഐ അധിഷ്ടിത ആപ്ലിക്കേഷന്‍ നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജലത്തിന്റെയും വായുവിന്റെയും ഗുണനിലവാരം ഉയര്‍ത്തുന്നതിനായും കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയ്ക്കാനും 17,000 കോടി രൂപയുടെ നിക്ഷേപവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.