ബെംഗളൂരു ∙ ജനതാദൾ (എസ്) ദേശീയ അധ്യക്ഷൻ ദേവെഗൗഡയ്ക്കു (93) വീണ്ടും രാജ്യസഭയിലെത്താൻ അവസരം നൽകാതെ ബിജെപി. ഇക്കുറി ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ ഹുബ്ബള്ളിയിൽ നിന്നുള്ള പിന്നാക്ക വിഭാഗം നേതാവ് പ്രഫ.എം.നാഗരാജയെ കളത്തിലിറക്കിയാണ്, ദേവെഗൗഡയുടെ 6 പതിറ്റാണ്ടു നീണ്ട പാർലമെന്ററി ജീവിതത്തിനു സഖ്യകക്ഷി തടയിടുന്നത്. മുൻ പ്രധാനമന്ത്രിമാരാരും ഇതോടെ പാർലമെന്റിൽ അംഗമല്ലാതാകുന്നു എന്ന പ്രത്യേകതയുമുണ്ട്.ബിജെപി മുൻ സംസ്ഥാന വൈസ് പ്രസിഡന്റും കർണാടക പിഎസ്‌സി അംഗവുമാണു വിദ്യാഭ്യാസ വിദഗ്ധൻ കൂടിയായ നാഗരാജ. അദ്ദേഹത്തെ പരിഗണിച്ചതിനു പിന്നിൽ ആർഎസ്എസ് പിന്തുണയുമുണ്ട്. കർണാടക മുൻ മുഖ്യമന്ത്രിയും 6 തവണ ലോക്സഭാ എംപിയും 2 തവണ രാജ്യസഭാ എംപിയും 7 തവണ എംഎൽഎയും ആയിരുന്നു ദേവെഗൗഡ. ഈ മാസം 25നു ദേവെഗൗഡ ഉൾപ്പെടെ കർണാടകയിൽ നിന്നുള്ള 4 രാജ്യസഭാംഗങ്ങളുടെ കാലാവധി തീരും. ഈ സീറ്റുകളിൽ ഒരെണ്ണത്തിൽ വിജയിക്കാനുള്ള അംഗബലമേ ബിജെപിക്കുള്ളൂ.അതേസമയം 223 അംഗ നിയമസഭയിൽ 2 സ്വതന്ത്രർ ഉൾപ്പെടെ 138 പേരുടെ പിന്തുണയുള്ള കോൺഗ്രസിനു 3 പേരെ രാജ്യസഭയിലേക്ക് അയയ്ക്കാം. (ആസൂത്രണ മന്ത്രിയായിരുന്ന ഡി.സുധാകർ മരിച്ചതിനെ തുടർന്ന് ഒരു നിയമസഭാ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്) 45 പ്രഥമ പരിഗണനാ വോട്ടുകളാണ് ഒരു സ്ഥാനാർഥിയെ വിജയിപ്പിക്കാൻ വേണ്ടത്. ബിജെപിക്ക് – 66, ദളിന്– 19 എന്നിങ്ങനെയാണു നിയമസഭയിലെ അംഗബലം.
കർണാടകയിൽ ഡി.കെ.ശിവകുമാർ മുഖ്യമന്ത്രിയായപ്പോൾ പഴയ മൈസൂരു മേഖലയിലെ വൊക്കലിഗരുടെ വോട്ടുബാങ്ക് ലക്ഷ്യമിട്ടു ബിജെപി ഇതേ സമുദായത്തിലെ അതികായനായ ദേവെഗൗഡയെ വീണ്ടും രാജ്യസഭയിലേക്ക് അയയ്ക്കുമെന്ന പ്രതീക്ഷ ശക്തമായിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തുമക്കൂരുവിൽ നിന്നു പരാജയപ്പെട്ട ദേവെഗൗഡ കോൺഗ്രസ് പിന്തുണയോടെയാണു 2020ൽ രാജ്യസഭയിലെത്തിയത്. കോൺഗ്രസിനു വൻഭൂരിപക്ഷം ലഭിച്ച 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെയാണു ദൾ–ബിജെപി സഖ്യമുണ്ടായത്. കേന്ദ്രമന്ത്രി കുമാരസ്വാമി ഉൾപ്പെടെ ദളിനു ലോക്സഭയിൽ 2 എംപിമാരാണുള്ളത്. ദേവെഗൗഡയുടെ മരുമകൻ ഡോ.സി.എൻ.മഞ്ജുനാഥ് ബിജെപി എംപിയാണ്.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, എഐസിസി സെക്രട്ടറി മൻസൂർ അലി ഖാൻ, എഐസിസി മാധ്യമ വിഭാഗം മേധാവി പവൻ ഖേര എന്നിവരാണു കർണാടകയിൽ നിന്നുള്ള കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥികൾ.






