കെപിസിസി നടത്തിവരുന്ന ഗൃഹസമ്പർക്കം 10 ദിവസത്തേക്ക് കൂടി നീട്ടി. പരിപാടി വിജയമെന്ന് കെപിസിസി നേതൃയോഗം വിലയിരുത്തി. വിഷയത്തിൽ നിന്നും ശ്രദ്ധ മാറരുത് എന്നും നിർദ്ദേശം. പൊലീസ് അതിക്രമങ്ങൾ സംബന്ധിച്ചുള്ള പ്രചാരണങ്ങളിൽ നിന്നും നേതാക്കൾ ശ്രദ്ധ മാറരുത് എന്ന് കെപിസിസി നേതൃയോഗത്തിൽ നിർദ്ദേശം.
നേതാക്കളെല്ലാം ഈ വിഷയങ്ങളിൽ ഇതുപോലെ പ്രതികരണം നടത്തണം. പത്തിന് പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുമെന്നും യോഗത്തിൽ തീരുമാനമായി.അതേസമയം വിവാദ ബീഡി ബിഹാർ പോസ്റ്റ് വിഷയത്തിൽ വി ടി ബൽറാമിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്തെത്തിയിരുന്നു.
ബൽറാം രാജിവെച്ചിട്ടില്ലെന്നും പാർട്ടി നടപടി എടുത്തിട്ടില്ലെന്നും സണ്ണി ജോസഫ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പോസ്റ്റിന്‍റെ പേരിൽ ബൽറാമിനെ തേജോവധം ചെയ്യാൻ ശ്രമം നടക്കുന്നുവെന്നും കെപിസിസി അധ്യക്ഷൻ ആരോപിച്ചു. ബൽറാം ഡിജിറ്റൽ മീഡിയ സെൽ ചുമതലയിൽ തുടരുന്നുണ്ട്.
അദ്ദേഹം രാജിവെക്കുകയോ പാർട്ടി നടപടിയെടുക്കുകയോ ചെയ്തിട്ടില്ല. വിവാദ പോസ്റ്റ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് ബൽറാം തന്നെയാണ്. ഡിജിറ്റൽ മീഡിയ സെല്ലിന്‍റെ പോസ്റ്റുകൾ തയ്യാറാക്കുന്നത് പാർട്ടി അനുഭാവികളായ പ്രൊഫഷണലുകളാണ്. സാമൂഹ്യമാധ്യമ വിഭാഗം പുനസംഘടന പാർട്ടിയുടെ അജണ്ടയിലുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേ സമയം ‘ബീഡിയും ബീഹാറും’ വിവാദ സോഷ്യൽ മീഡിയ പോസ്റ്റില്‍ നിലപാട് വിശദീകരിച്ച് വി ടി ബൽറാം രംഗത്തെത്തി. കെപിസിസി നേതൃയോഗത്തിലാണ് വിശദീകരണം നല്‍കിയത്. തന്‍റെ അറിവോടെയല്ല പോസ്റ്റെന്നും വിവാദങ്ങള്‍ അനാവശ്യമാണെന്നും വി ടി ബല്‍റാം പറഞ്ഞു.
സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ടീമിന് പറ്റിയ വീഴ്ചയാണ് അതെന്നും പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ തിരുത്തിച്ചത് താനാണെന്നും അദ്ദേഹം പറഞ്ഞു. ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ കഴിയാത്തത് നേരത്തെ തന്നെ നേതൃത്വത്തെ ബോധ്യപ്പെടുത്തിയതാണെന്നും വി ടി ബൽറാം കൂട്ടിച്ചേര്‍ത്തു.