ഡൽഹി സത്യ നികേതനിൽ കെട്ടിടം തകർന്ന സംഭവത്തിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി. ഡൽഹി സർവകലാശാല, ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ, ഡൽഹി സർക്കാർ,കേന്ദ്രസർക്കാർ തുടങ്ങിയവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. തകർന്ന കെട്ടിടത്തിന് നിർമാണ അനുമതി ഉണ്ടായിരുന്നോയെന്ന് പരിശോധിക്കാൻ എംസിഡിക്ക് ഹൈക്കോടതി നിർദേശം നൽകി.
അനുമതിയില്ലാതെയാണ് കെട്ടിടം നിർമിച്ചതെന്ന് കണ്ടെത്തിയാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തണം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ സമർപ്പിക്കാനും ഹൈക്കോടതി നിർദേശിച്ചു.
അതേസമയം, കെട്ടിട ഉടമ ഹരിറാമിനെ പൊലീസ് രാജസ്ഥാനിൽ നിന്ന് അറസ്റ്റ് ചെയ്തു കൂടാതെ വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് ഡൽഹി മുൻസിപ്പൽ കോർപ്പറേഷന്റെ സൗത്ത് സോൺ ഡെപ്യൂട്ടി കമ്മീഷണർ രാകേഷ് കുമാറിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
ഇന്നലെ ഉച്ചയോടെ ഉണ്ടായ അപകടത്തിൽ ഏഴോളം വിദ്യാർഥികൾക്കാണ് ജീവൻ നഷ്ടമായത്. 12 ഓളം ആളുകളെയാണ ഇതുവരെ കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുക്കാനായത്. എയിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളത് നാലുപേരാണ്. മൂന്നുപേരുടെ നില ഗുരുതരമാണ്.









