ചെന്നൈ∙ കാവേരി പ്രശ്നത്തില്‍ തമിഴ്നാട് നിയമസഭയിൽ പരസ്പരം പോരടിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും. വിഷയത്തിൽ സർക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്ത ഉദയനിധി മേക്കദാട്ടു അണക്കെട്ട് നിർമിക്കാനുള്ള കർണാടകയുടെ നീക്കത്തെ സർക്കാർ എന്തുകൊണ്ട് എതിർത്തില്ലെന്നും ചോദിച്ചു. മേക്കദാട്ടു അണക്കെട്ട് നിർമാണവുമായി മുന്നോട്ടു പോകുന്നതിൽനിന്ന് കർണാടകയെ തടയാൻ എന്ത് നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്ന് നിയമസഭയിൽ വ്യക്തമാക്കണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഉദയനിധിയുടെ ആരോപണങ്ങളെ ശക്തമായി പ്രതിരോധിച്ച മുഖ്യമന്ത്രി, മേക്കദാട്ടു അണക്കെട്ടിനെതിരെ നിയമസഭ പ്രമേയം പാസാക്കിയെന്നും പദ്ധതിയെ എതിർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു എന്നും വ്യക്തമാക്കി. കൂടാതെ കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ഞങ്ങൾ ചെയ്യുമെന്നും പറഞ്ഞു. 1969 ൽ ഡിഎംകെ സർക്കാരാണ് ഈ പദ്ധതിക്ക് ആദ്യമായി അനുമതി നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞകാല ചരിത്രം വലിച്ചിഴച്ച് വിലകുറഞ്ഞ രാഷ്ട്രീയം കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും ഈ വിഷയത്തിൽ ആര് രാഷ്ട്രീയ നേട്ടം കൊയ്യും, അല്ലെങ്കിൽ ആര് ഇതിന്റെ ക്രെഡിറ്റ് എടുക്കും എന്നു ചിന്തിക്കേണ്ട എന്നും മുഖ്യമന്ത്രി വിജയ് പറഞ്ഞു. കാവേരി വിഷയം നിയമപരമായി മുന്നോട്ടു കൊണ്ടുപോകുന്നതിൽ തന്റെ നിലപാടിൽ മാറ്റമില്ലെന്നും തമിഴ്നാടിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നത് തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.പിന്നാലെ മേക്കദാട്ടു അണക്കെട്ട് മേക്കദാട്ടു വിഷയത്തിൽ തമിഴ്നാട്ടിൽ സർവകക്ഷി യോഗം വിളിക്കുന്നില്ലെന്നും കർണാടകയിലെ എല്ലാ പാർട്ടികളും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്നും ഉദയനിധി പറഞ്ഞു. മേക്കദാട്ടു വിഷയത്തിൽ സർവകക്ഷിയോഗം ചേരുന്നത് ടിവികെ സർക്കാർ എന്തിനാണ് നിരാകരിക്കുന്നത്? എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
ഇതിന് മറുപടിയായി സർവകക്ഷിയോഗം വിളിക്കേണ്ട ആവശ്യമില്ലെന്നും മേക്കേദാട്ടു അണക്കെട്ട് വിഷയത്തിൽ രാഷ്ട്രീയം കളിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാവേരി വിഷയത്തിൽ പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങൾ സർക്കാർ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട്ടിലെ ജനങ്ങൾക്കു വൈകാരികമായ അടുപ്പമുള്ള ഒരു വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വിജയ് പറഞ്ഞു. വിഷയത്തിൽ നേരത്തെ എല്ലാ പാർട്ടികളും ഒരുമിച്ചു പ്രമേയം പാസാക്കിയിരുന്നെന്നും സംസ്ഥാനത്തിന്റെ നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.നിർദിഷ്ട മേക്കദാട്ടു അണക്കെട്ട് തമിഴ്നാടും കർണാടകയും തമ്മിലുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള തർക്ക വിഷയമാണ്. രാമനഗര ജില്ലയിൽ (ഇപ്പോൾ ബെംഗളൂരു സൗത്ത്) സ്ഥിതി ചെയ്യുന്ന ഈ നിർദിഷ്ട സംഭരണി, ബെംഗളൂരുവിലേക്ക് കുടിവെള്ളം എത്തിക്കാനും 400 മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കാനും ലക്ഷ്യമിടുന്നതാണ്.









