വർക്കലയിലെ ട്രെയിൻ അതിക്രമത്തിൽ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ കഴിയുന്ന ശ്രീക്കുട്ടിക്ക് ലഭിക്കുന്ന ചികിത്സ സംബന്ധിച്ച് ഡോക്ടർമാർ വിവരങ്ങൾ കൈമാറുന്നില്ലെന്ന് അമ്മ പ്രിയദർശിനി.മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടും ഒരു അറിയിപ്പും നൽകിയില്ല.ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ശേഷം മകളെ കാണാൻ കഴിഞ്ഞിട്ടില്ല. അവൾക്ക് ചെറിയ രീതിയിൽ പനി ഉണ്ട് അതിന്റെ മരുന്ന് നല്കുന്നുണ്ടെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ചികിത്സ തൃപ്തികരമല്ലെന്ന് പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു.മകളെ തിരിച്ചു കിട്ടണം. തന്റെ മുൻകാല അനുഭവം കാരണമാണ് ഇതൊക്കെ പറയുന്നതെന്നും ശ്രീക്കുട്ടിയുടെ അമ്മ പ്രിയദർശിനി പറഞ്ഞു.
പരുക്കേറ്റ ശ്രീകുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ രൂപം നൽകിയ മെഡിക്കൽ ബോർഡിൻറെ നേത്യത്വത്തിലാണ് ചികിത്സ നൽകുന്നത്. 24 മണിക്കൂറുകൾക്ക് ശേഷം മാത്രമേ ആരോഗ്യനില സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ സാധിക്കൂവെന്ന് ഡോക്ടർ പറയുന്നു.
അതേസമയം, പ്രതി സുരേഷ്‌കുമാറിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും. ശ്രീക്കുട്ടിയെ നട്ടെല്ലിന് ചവിട്ടി തള്ളിയിട്ട ട്രെയിനിന്റെ ബോഗിയിലും, പരുക്കേറ്റ് കിടന്ന അയന്തി പാലത്തിലും ഇയാളെ എത്തിച്ച് തെളിവെടുപ്പ് നടത്തും. ട്രെയിനിന്റെ വാതിൽപ്പടിയിൽ നിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രതി സുരേഷ്‌കുമാറിന്റെ പ്രകോപിപ്പിക്കാൻ കാരണം എന്നാണ് എഫ്ഐആറിൽ ഉള്ളത്. കൊല്ലണമെന്ന് ഉദ്ദേശത്തോടു കൂടിയാണ് ശ്രീക്കുട്ടിയെ പ്രതി സുരേഷ് ട്രെയിനിൽ നിന്ന് ചവിട്ടി തള്ളിയിട്ടത്. തടയാൻ എത്തിയ സുഹൃത്ത് അർച്ചനയെയും കൊല്ലാൻ ശ്രമിച്ചതായും എഫ്ഐആറിൽ പറയുന്നു.






