കേരള സർവകലാശാലയ്ക്ക് മുന്നിൽ ഗവർണർ രാജേന്ദ്ര അർലേക്കർക്കെതിരെ എസ്എഫ്ഐ പ്രവർത്തകർ ബാനർ സ്ഥാപിച്ചു. “ഹിറ്റ്ലർ തോറ്റു, മുസ്സോളിനി തോറ്റു, സർ സിപിയും തോറ്റു മടങ്ങി. എന്നിട്ടാണോ രാജേന്ദ്ര” എന്നാണ് ബാനറിൽ എഴുതിയിരിക്കുന്നത്.
നേരത്തെ കേരള സർവകലാശാല രജിസ്ട്രാറെ വൈസ് ചാൻസിലർ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ രാജ്ഭവനിലേക്ക് മാർച്ച് നടത്തിയിരുന്നു. വെള്ളയമ്പലത്ത് വെച്ച് പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞെങ്കിലും ബാരിക്കേഡ് ഭേദിച്ച് എസ്എഫ്ഐ പ്രവർത്തകർ മുന്നോട്ട് പോയി. പൊലീസ് രണ്ട് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിന്നോട്ട് പോകാൻ പ്രവർത്തകർ തയ്യാറായില്ല. പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. ഗവർണർ തിരികെ മടങ്ങണം എന്നാവശ്യപ്പെട്ട് മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം നടത്തിയത്.
അതേസമയം കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടി അംഗീകരിക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. വൈസ് ചാൻസിലർക്ക് രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം ഇല്ല എന്നാണ് വാദം. വൈസ് ചാൻസിലറുടെ നടപടിയ്ക്കെതിരെ സിൻഡിക്കേറ്റും, രജിസ്ട്രാറും കോടതിയെ സമീപിക്കുന്നുണ്ട്.