Headlines

‘ദൈവത്തിന് നന്ദി’; വിങ്ങിപ്പൊട്ടി സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം

ഛത്തിസ്ഗഢിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം. എല്ലാവര്ക്കും നന്ദിയുണ്ടെന്നും ഇപ്പോഴാണ് മനഃസമാധാനമായതെന്നും സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം പ്രതികരിച്ചു. കഴിഞ്ഞ ഒൻപത് ദിവസമായി കേസിന്റെ പിന്നാലെയായിരുന്നു, ഞങ്ങൾക്കൊപ്പം നിന്ന എല്ലാ ഭരണാധികാരികളോടും സഭാനേതാക്കൾക്കും എംഎൽഎയ്ക്കും കുടുംബം നന്ദി പറഞ്ഞു.

പൊതുവായൊരു പ്രശ്നം എന്ന നിലയിലാണ് ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയ നേതാക്കളും ഞങ്ങൾക്കൊപ്പം നിന്നത്. അത് വലിയയൊരു കരുത്തായിരുന്നു. കൃതിമമായി ഉണ്ടായ കേസാണിതെന്ന് എല്ലാവർക്കും മനസ്സിലായി അതുകൊണ്ടുതന്നെ കൂടുതൽ നടപടി ക്രമങ്ങളിലേക്ക് കടക്കാതെ കേസ് ഏറ്റവും വേഗത്തിൽ തന്നെ അവസാനിപ്പിക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്ന് സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം പ്രതികരിച്ചു.

സിസ്റ്റർ വന്ദനാ ഫ്രാൻസിസും സിസ്റ്റർ പ്രീതി മേരിയും മോചിതരായത് നീണ്ട 9 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ്. ഇരുവർക്കും ബിലാസ്പുരിലെ NIA കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ സെഷന്‍സ് കോടതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തന്നെ എന്‍ഐഎ കോടതിയിലും പ്രോസിക്യൂഷന്‍ ആവര്‍ത്തിക്കുകയായിരുന്നു. എന്നാൽ ഒരു തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലവും ഇല്ലാത്തവരാണെന്നും ഭരണ ഘടന മൂല്യങ്ങള്‍ മാനിച്ച് കന്യാസ്ത്രീകള്‍ക്ക് വേഗത്തില്‍ ജാമ്യം നല്‍കണമെന്നാണ് കന്യാസ്ത്രീകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.

ഛത്തീസ്ഗഢ് സര്‍ക്കാരിനെ കൂടാതെ ബജ്രംഗ്ദളിന്റെ അഭിഭാഷകരും കന്യാസ്ത്രീകളുടെ ജാമ്യത്തെ എന്‍ഐഎ കോടതിയില്‍ എതിര്‍ത്തിരുന്നു.ജൂലൈ 25-നാണ് ഛത്തീസ്ഗഢിലെ ദുർഗിൽ വെച്ചാണ് മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ച് ഇവരെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്.