Headlines

‘ഒരു ഉപകരണവും കാണാതെ ആയിട്ടില്ല; എല്ലാം ആശുപത്രിയിൽ ഉണ്ട്’; മന്ത്രിയുടെ ആരോപണം തള്ളി ഡോ.ഹാരിസ് ഹസൻ

യൂറോളജി ഡിപ്പാർട്ട്മെന്റിന് കീഴിലെ ശസ്ത്രക്രിയ ഉപകരണങ്ങൾ കാണാതായെന്ന ആരോഗ്യമന്ത്രിയുടെ ആരോപണം തള്ളി ഡോ ഹാരിസ് ഹസൻ. ഉപകരണങ്ങൾ കാണാതായിട്ടില്ല. മന്ത്രി എന്താണ് അങ്ങനെ പറഞ്ഞത് എന്ന് അറിയില്ലെന്നും ഡോ.ഹാരിസ് ഹസൻ പറഞ്ഞു. 14 ലക്ഷം രൂപയുടെ ഉപകരണം ആണ്. ‌ എംപി ഫണ്ടിൽ നിന്ന് വാങ്ങിയ എല്ലാ ഉപകരണങ്ങളും ഉണ്ട്. എല്ലാം ആശുപത്രിയിൽ ഉണ്ടെന്ന് ഡോ.ഹാരിസ് ഹസൻ പറഞ്ഞു.

ഉപകരണങ്ങൾ കേടുവരുത്തി എന്ന് വിദഗ്ധസംഘം പറയാനിടയില്ല. ബോധപൂർവ്വം ഉപകരണങ്ങൾ കേടാക്കുന്നു എന്ന ആരോപണം ഇതുവരെ ഉണ്ടായിട്ടില്ല. തനിക്കെതിരെ വലിയ നടപടി ഉണ്ടാകില്ല എന്നാണ് അറിഞ്ഞതെന്ന് ഡോ.ഹാരിസ് ഹസൻ പറഞ്ഞു. മെമ്മോയിൽ പോലും ഗുരുതര ആരോപണങ്ങൾ ഇല്ല. മന്ത്രി എന്താണ് അങ്ങനെ പറഞ്ഞത് എന്ന് അറിയില്ല. വിദഗ്ധ സംഘത്തിന് എല്ലാം പരിശോധിക്കാൻ സമയം കിട്ടിയിട്ടുണ്ടാകില്ല. ഇത് ഓപ്പറേഷൻ തിയേറ്ററിനകത്തിരിക്കുന്ന ഉപകരണമാണ്. അത് പരിശോധക്കാനുള്ള സമയം ഉണ്ടായിട്ടില്ലെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മുൻപ് ഇത്തരത്തിൽ ഒരു ആരോപണം ഉയർന്നിരുന്നുവെന്നും എന്നാൽ അത് കള്ള പരാതി ആയിരുന്നു എന്ന് കണ്ടെത്തിയിരുന്നുവെന്നും ഡോ. ഹാരിസ് പറഞ്ഞു. ഡോക്ടർ ഹാരിസ് മേധാവിയായിരുന്ന യൂറോളജി ഡിപ്പാർട്ട്മെന്റിന് കീഴിലെ ശസ്ത്രക്രിയ ഉപകരണങ്ങൾ കാണാതായെന്ന വിദഗ്ധ സമിതി റിപ്പോർട്ട് ആയുധമാക്കിയാണ് ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് രംഗത്തെത്തിയത്. ഡോക്ടർക്കെതിരെ നടപടിയുണ്ടാകില്ലെന്നും ജനകീയ ഡോക്ടറാണെന്നുമുള്ള മുൻനിലപാടിൽ നിന്നാണ് മന്ത്രിയുടെ മലക്കം മറിച്ചിൽ. ഡോക്ടർ ഹാരിസിനെതിരെ നടപടി ഉണ്ടായാൽ ശക്തമായി നേരിടുമെന്നാണ് സർക്കാർ മെഡിക്കൽ കോളജുകളിലെ അധ്യാപകരുടെ സംഘടനയുടെ മുന്നറിയിപ്പ്.