ദൃശ്യം 2’ ആമസോണ്‍ പ്രൈമില്‍ തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ദൃശ്യത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് തിയേറ്ററുകളുമായി കരാറുണ്ടാക്കിയിട്ടില്ല. അതിനാല്‍ തിയേറ്ററുടമകളുടെ യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയാകില്ലെന്നും ആന്റണി മാധ്യമങ്ങളോട് വ്യക്തമാക്കി.
വിമര്‍ശനങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാന്‍ ആരും ശ്രമിക്കുന്നില്ല. ആമസോണ്‍ പ്രൈമുമായുള്ള കരാര്‍ ഇനി റദ്ദാക്കാന്‍ സാധിക്കില്ല എന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി. ദൃശ്യം 2 ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ഫിലിം ചേംബറും ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറും രംഗത്തെത്തിയിരുന്നു. ജനുവരി ഒന്നിനാണ് ദൃശ്യം 2വിന്റെ ടീസര്‍ പുറത്തുവിട്ട് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്ന വിവരം അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പേരുണ്ടാക്കിയത് തിയേറ്ററില്‍ പടം റിലീസ് ചെയ്തിട്ടാണ്.
ആ നന്ദി അവര്‍ക്ക് വേണ്ടേ എന്നാണ് ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചത്. തിയേറ്റര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ഫിയോക്കിന്റെ യോഗമാണ് ഇപ്പോള്‍ നടക്കുന്നത്. ഫിയോക്കിന്റെ സംസ്ഥാന പ്രസിഡന്റാണ് ആന്റണി പെരുമ്പാവൂര്‍. നടന്‍ ദിലീപും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.