ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്ലസ് വണ്‍ അഡ്മിഷന് അധിക സീറ്റ്; താത്ക്കാലിക ബാച്ചുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്ലസ് വണ്‍ അഡ്മിഷന് അധിക സീറ്റ് അനുവദിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. ബാച്ചുകള്‍ ഷിഫ്റ്റ് ചെയ്യാനും താത്ക്കാലിക ബാച്ചുകള്‍ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ 20 ശതമാനം സീറ്റ് വര്‍ധന ഏര്‍പ്പെടുത്തിയ ഏഴ് ജില്ലകളില്‍ സീറ്റിന്റെ ആവശ്യകത ഉണ്ടാവുകയാണെങ്കില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 10 ശതമാനം സീറ്റ് വര്‍ധന അനുവദിക്കും. ഈ ജില്ലകളില്‍ അടിസ്ഥാന സൗകര്യമുള്ളതും സീറ്റ് വര്‍ധനവിന് അപേക്ഷ സമര്‍പ്പിക്കുന്നതുമായ എയിഡഡ് സ്‌കൂളുകള്‍ക്കും അണ്‍ എയിഡഡ് സ്‌കൂളുകള്‍ക്കും 10 ശതമാനം സീറ്റ് വര്‍ധന അനുവദിക്കും. നേരത്തെ മാര്‍ജിനല്‍ സീറ്റ് വര്‍ധന നല്‍കാത്ത ഏഴ് ജില്ലകളില്‍ ആവശ്യകത അനുസരിച്ച് എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും 20 ശതമാനം വരെ വര്‍ധന അനുവദിക്കും. ഈ ജില്ലകളില്‍ അടിസ്ഥാന സൗകര്യമുള്ള അപേക്ഷിക്കുന്ന എയിഡഡ് സ്‌കൂളുകള്‍ക്കും അണ്‍ എയിഡഡ് സ്‌കൂളുകള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി മാര്‍ജിനല്‍ വര്‍ധനവിന്റെ 20 ശതമാനം സീറ്റ് വരെ വര്‍ധന അനുവദിക്കും.

വയനാട് ജില്ലയിലെ അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്ഷ്യല്‍ സ്‌കൂള്‍ നല്ലൂര്‍നാടില്‍ ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഫോര്‍ ഗേള്‍സ് കല്‍പ്പറ്റയില്‍ ഒരു ഹ്യുമാനിറ്റീസ് ബാച്ചും താത്ക്കാലികമായി അനുവദിക്കും. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നാമമാത്രമായ വിദ്യാര്‍ഥികളുള്ള ബാച്ചുകള്‍ കണ്ടെത്തുകയാണെങ്കില്‍ ആവശ്യമുള്ള ജില്ലയിലേക്ക് മാറ്റും. പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച വിഷയം സീറ്റ് വര്‍ധനവിലൂടെ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ ആവശ്യകത അനുസരിച്ച് ആവശ്യമുള്ള ജില്ലകളില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ താത്ക്കാലിക ബാച്ച് അനുവദിക്കും. സര്‍ക്കാര്‍, എയിഡഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ വൊക്കേഷണല്‍ ടീച്ചര്‍ തസ്തികകളിലെ ഒഴിവിലേക്ക് താത്ക്കാലിക നിയമനം നടത്താന്‍ അനുമതി നല്‍കും.

2021-22 അധ്യയനവര്‍ഷം മുതല്‍ മെഡിക്കല്‍ പി ജി അഡ്മിഷന് (ഡെന്റല്‍ പി ജി കോഴ്‌സുകളില്‍ 2022-23 അധ്യയന വര്‍ഷം മുതല്‍) ഉള്ള സംവരണം തീരുമാനിച്ചു. എസ് സി എട്ട് ശതമാനം എസ് ടി രണ്ട് ശതമാനം, എസ് ഇ ബി സി 27 ശതമാനം, ഇ ഡബ്ല്യൂ എസ് 10 ശതമാനം, പി ഡി 5 ശതമാനം (ഹൊറിസോണ്ടല്‍), സര്‍വീസ് ക്വാട്ട 10 ശതമാനം (ഹൊറിസോണ്ടല്‍) എന്നിങ്ങനെയാണ് സംവരണം അനുവദിക്കുക.