മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ അതീവ പ്രധാനമെന്ന് സുപ്രീം കോടതി. അണക്കെട്ടിന്റെ റൂൾ കർവ്, ഗേറ്റ് ഓപറേഷൻ ഷെഡ്യൂൾ, ഇൻസട്രമെന്റേഷൻ എന്നീ കാര്യങ്ങളിൽ നാലാഴ്ചക്കുള്ളിൽ അന്തിമ റിപ്പോർട്ട് നൽകാൻ മേൽനോട്ട സമിതിയോട് സുപ്രീം കോടതി നിർദേശിച്ചു
റൂൾ കർവ് ഷെഡ്യൂൾ നിശ്ചയിക്കുന്നതിനുള്ള വിവരങ്ങൾ രണ്ടാഴ്ചക്കുള്ളിൽ മേൽനോട്ട സമിതിക്ക് തമിഴ്‌നാട് നൽകണം. വിവരങ്ങൾ കൈമാറിയില്ലെങ്കിൽ ചീഫ് സെക്രട്ടറി നടപടി നേരിടേണ്ടി വരുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി
ഉത്തരവാദിത്വങ്ങൾ മേൽനോട്ട സമിതി ഉപസമിതിക്ക് കൈമാറിയെന്ന ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഉപസമിതി രൂപീകരണം ഭരണഘടനാ ബഞ്ചിന്റെ വിധിക്ക് അനുസൃതമല്ലെന്ന് കേന്ദ്ര ജലകമ്മീഷൻ കോടതിയെ അറിയിച്ചു.
അതേസമയം അണക്കെട്ട് ഘടനാപരമായി സുരക്ഷിതമാണെന്നും പ്രളയവും ഭൂചലനവും അതിജീവിക്കാൻ അണക്കെട്ട് പ്രാപ്തമാണെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു