കൊല്ലം: ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉത്ര വധക്കേസിലെ പ്രതി സൂരജ്. ഉത്രയുടെ അച്ഛന്‍ പറഞ്ഞത് മാത്രമാണ് കോടതി കേട്ടതെന്നും ജിയിലിലേക്ക് കൊണ്ട് പോകുന്നതിനിടെ സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. കോടതി വിധി അപക്വവും നീതി വിരുദ്ധവുമാണ്. അപ്പീല്‍ പോകുമെന്നും സൂരജിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു.
ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസില്‍ പ്രതിയായ അടൂര്‍ സ്വദേശി സൂരജിന് കോടതി ഇരട്ടജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്. ഉത്രയെ മൂര്‍ഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വര്‍ഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ്വര്‍ഷം എന്നിങ്ങനെ നാല് ശിക്ഷകള്‍ ആണ് കോടതി വിധിച്ചത്. ജീവപര്യന്തം തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെങ്കിലും പത്തും, ഏഴും ആകെ 17 വർഷത്തെ തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം. ഇതിനുശേഷമായിരിക്കും ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുകയെന്ന് വിധിയില്‍ കോടതി വ്യക്തമാക്കി.