വഖഫ് സംരക്ഷണ റാലിയിൽ മുസ്ലീം ലീഗ് നേതാക്കൾ നടത്തിയ അധിക്ഷേപ പ്രസംഗത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അമ്മയെയും പെങ്ങളെയും തിരിച്ചറിയണമെന്നും കുടുംബത്തില്‍ നിന്നാണ് സംസ്‌കാരം തുടങ്ങേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.ഐ.എം കണ്ണൂര്‍ ജില്ല സമ്മേളനത്തിന്‍റെ സമാപനത്തോട് അനുബന്ധിച്ച നടന്ന പൊതു സമ്മേളനത്തിലാണ് പിണറായി ലീഗിനെതിരെ രൂക്ഷമായി ഭാഷയില്‍ പ്രതികരിച്ചത്.
വഖഫ് ബോർഡ് വിഷയത്തിൽ മുസ്ലീംലീഗ് എന്തിനാണ് ഹൈസ്‌കൂൾ കാലത്ത് മരണപ്പെട്ട എന്റെ അച്ഛനെ പറയുന്ന സ്ഥിതി ഉണ്ടായത്, അദ്ദേഹം എന്ത് തെറ്റ് നിങ്ങളോട് ചെയ്തെന്ന് മുഖ്യമന്ത്രി ചോദിച്ചു. അദ്ദേഹം ചെത്തുകാരനായതാണോ തെറ്റ്, ആ ചെത്തുകാരന്റെ മകനായ വിജയൻ എന്നതിൽ ഞാൻ അഭിമാനിക്കുന്നു എന്നത് പലഘട്ടങ്ങളിൽ ഞാൻ പറഞ്ഞിട്ടില്ലേ. നിങ്ങൾ ആരെ തോണ്ടാനാണ് ഇത് പറയുന്നത്, ചെത്തുകാരന്റെ മകനാണെന്ന് കേട്ടാൽ പിണറായി വിജയൻ എന്ന എനിക്ക് വല്ലാത്തൊരു വിഷമമാകും എന്നാണോ ചിന്ത എന്നും അദ്ദേഹം ചോദിച്ചു.
നിങ്ങള്‍ പറഞ്ഞ മറ്റ് കാര്യങ്ങള്‍ ഞാന്‍ പറയുന്നില്ല. ഇത്തരമാളുകളോട് ഒന്നേ പറയാനുള്ള. അമ്മയെയും പെങ്ങളെയും തിരിച്ചറിയണം. ആദ്യം അതാണ് വേണ്ടത്. കുടുംബത്തില്‍ നിന്ന് സംസ്‌കാരം തുടങ്ങണം. അദ്ദേഹത്തിന് അത് ഉണ്ടോയെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ആലോചിച്ചാല്‍ മതി. വിരട്ടല്‍ കൊണ്ട് കാര്യങ്ങള്‍ നേടി കളയമെന്ന് ധാരണ വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.