തിരുവനന്തപുരം: കോവിഡ് വ്യാപനം ഗണ്യമായി കുറയാത്ത സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അനന്തമായി ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണം നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണ നിലയിലേക്ക് കാര്യങ്ങൾ വേഗത്തിൽ എത്തേണ്ടതുണ്ട്. അതിനുള്ള സാഹചര്യം ഒരുക്കൽ പ്രധാനമാണ്. ഘട്ടംഘട്ടമായി ഇളവ് നടപ്പിലാക്കുകയാണ്. ഇളവ് ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘കോവിഡ് രണ്ടാം ഘട്ടം മറ്റ് സംസ്ഥാനങ്ങളിൽ കെട്ടടങ്ങിയിട്ടും കേരളത്തിൽ അടങ്ങാത്തത് എന്തുകൊണ്ടെന്ന് പലർക്കും ആശങ്കയുണ്ട്. ഇതിൽ അത്ഭുതപ്പെടേണ്ടതില്ല. അമിതമായി ഭയപ്പെടേണ്ട. കാര്യങ്ങൾ നിയന്ത്രണത്തിലാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
‘മാർച്ച് മധ്യത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ കോവിഡ് രണ്ടാം ഘട്ടം ആരംഭിച്ചു. കേരളത്തിൽ മെയ് മാസത്തിലാണ് രണ്ടാം ഘട്ടം ആരംഭിച്ചത്. ടിപിആർ 29 ശതമാനം വരെ ഉയർന്നു. പ്രതിദിന രോഗികളുടെ എണ്ണം 40000 ത്തിലേക്ക് ഉയർന്നു. ടിപിആർ കുറഞ്ഞ് പത്ത് ശതമാനത്തിനടുത്ത് മാറ്റമില്ലാതെ ദിവസങ്ങളായി നിൽക്കുകയാണെന്ന്’ മുഖ്യമന്ത്രി വിശദമാക്കി.