കുട്ടിയെ വിട്ടുകിട്ടാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അനുപമ എസ് ചന്ദ്രൻ നൽകിയ ഹേബിയസ് കോർപസ് ഹർജി സ്വീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. നിയമവിരുദ്ധമായി ആരെങ്കിലും കുട്ടിയെ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്ന് പറയാനാകില്ല. ഹർജി പിൻവലിക്കണമെന്നും ഇല്ലെങ്കിൽ തള്ളുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഹർജി പിൻവലിക്കാൻ കോടതി സമയം അനുവദിച്ചു.
2020 ഒക്ടോബറിലാണ് കുഞ്ഞിന് ജന്മം നൽകിയതെന്നും മാതാപിതാക്കളായ ജയചന്ദ്രനും സ്മിത ജയിംസും ചേർന്ന് കുഞ്ഞിനെ എടുത്തു കൊണ്ടുപോയെന്നും അനുപമ സമർപ്പിച്ച ഹർജിയിൽ പറയുന്നു. കുഞ്ഞിനെ വിട്ടുകിട്ടാൻ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കുഞ്ഞിനെ ഹാജാരാക്കാൻ പോലീസിന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.