Headlines

റിപ്പോർട്ടർ ചാനൽ വ്യാജ വാർത്ത സൃഷ്ടിച്ച് മനപൂർവ്വം ഉപദ്രവിക്കാൻ ശ്രമം; കിറ്റെക്സിനെതിരായ ആരോപണങ്ങൾ തള്ളി സാബു എം ജേക്കബ്

കിറ്റെക്സിനെതിരായ റിപ്പോർട്ടർ ചാനലിന്റെ ആരോപണങ്ങൾ തള്ളി എം ഡി സാബു എം ജേക്കബ്. വ്യാജ വാർത്ത സൃഷ്ടിച്ച് മനപൂർവ്വം ഉപദ്രവിക്കാനാണ് റിപ്പോർട്ടർ ചാനൽ ശ്രമിക്കുന്നത്. വ്യാജ വാർത്ത സൃഷ്ടിക്കുന്നു. വ്യവസായിക വിപ്ലവം ഉണ്ടാക്കിയ പ്രസ്ഥാനമാണ് അന്ന കിറ്റെക്സ്, ചാനൽ ഉടമ ആൻ്റോ അഗസ്റ്റിനെ അറിയുന്നത് തന്നെ മാംഗോ ഫോൺ തട്ടിപ്പിലൂടെയാണ്. പിന്നീട് മുട്ടിൽ മരം മുറി കേസിലാണ് അഗസ്റ്റിൻ സഹോദരന്മാരെ കുറിച്ച് കേരളം കേൾക്കുന്നതെന്നും സാബു എം ജേക്കബ് പറഞ്ഞു.മാസങ്ങളോളം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി ന്യൂസ് ചാനൽ ഏറ്റെടുത്തു. ഒരു വർഷം കൊണ്ട് ടി ആർ പി കൂടി. ഒട്ടനവധി കേസുകൾ ഉണ്ട്. മരം മുറി കേസിൽ ആൻ്റോയ്ക്ക് മാനഹാനി ഉണ്ടായത്രേ. അങ്ങനെയുള്ള ഒരാളാണ് കിറ്റെക്സിനെ തകർക്കാൻ നോക്കുന്നത്.ഒരു ചാനലിൽ ഇരുന്ന് മോശമാക്കാൻ ശ്രമിക്കുകയാണ് ഇവർ
പറയുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ ആണെന്നും ടി വി ചാനലിൻ്റെ ഉടമസ്ഥനായി ഇരുന്ന് ഭൂലോക മണ്ടത്തരം വിളിച്ചു പറയുകയാണെന്നും സാബു എം ജേക്കബ് വിമർശിച്ചു.

ഓർഗാനിക് അല്ലാത്ത ഉത്പന്നങ്ങൾ അമേരിക്കയിലേയ്ക്ക് കിറ്റെക്സ് കയറ്റി അയച്ചു എന്നാണ് റിപ്പോർട്ടർ ടി.വി പറയുന്നത്. ശുദ്ധകളവ് എങ്ങനെ പറയാൻ സാധിക്കുന്നു. ഒരു വസ്തുതകളും പഠിക്കാതെ ചാനലിൽ ഇരുന്ന് പറയുകയാണ്. ജി എസ് ടി ഇനത്തിൽ ഒരു വെട്ടിപ്പും തന്റെ സ്ഥാപനം നടത്തിയിട്ടില്ല. തെറ്റായ വിവരമാണ് നൽകിയത്. ഇത്രയും നുണയായ കാര്യങ്ങൾ എല്ലാം അറിഞ്ഞു വെച്ച് നൽകുകയാണ്.ഏതോ പാർട്ടിയ്ക്ക് വേണ്ടി ആൻ്റോ ചെയ്തതായിട്ടാണ് തോന്നുന്നത്.

ആൻ്റോ അഗസ്റ്റിൻ ഉൾപ്പടെ 16 പേർക്ക് ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് അയച്ചു. 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. 16 പേർക്ക് എതിരെയും ക്രിമിനൽ കേസ് ഫയൽ ചെയ്യും. ഒരു ന്യൂസ് ചാനൽ കൈയ്യിൽ ഉണ്ടെന്ന് കരുതി ആരെയും കരിവാരി തേക്കാം എന്ന ചിന്ത മാറണം. ലൈസൻസ് ഇല്ലാതെയാണ് റിപ്പോർട്ടർ ചാനൽ പ്രവർത്തിക്കുന്നത്. ബ്രോഡ്കാസ്റ്റിംഗ് സർട്ടിഫിക്കറ്റ് റിപ്പോർട്ടർ പുറത്ത് വിടണം. ആൻ്റോ എങ്ങനെയാണ് ചാനലിന്റെ എം.ഡി ആയത് ഇതിനെതിരെ ആരും ശബ്ദിച്ചില്ലെങ്കിൽ ദേശീയ ദുരന്തം ആയി മാറും. തെറ്റായ വാർത്ത നൽകുന്ന റിപ്പോർട്ടർ ചാനൽ ജനങ്ങൾ ബഹിഷ്കരിക്കണമെന്നും
കേന്ദ്ര വാർത്താമന്ത്രാലയത്തിന് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.