Headlines

‘SNDP ഐക്യ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ താത്പര്യം; അടഞ്ഞ അധ്യായം’; ജി സുകുമാരൻ നായർ

എസ്എൻഡിപി-എൻഎസ്എസ് ഐക്യ നീക്കം അടഞ്ഞ അധ്യായമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എസ്എൻഡിപി ഐക്യ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ താത്പര്യമാണ്. രാഷ്ട്രീയ നീക്കം മനസിലായതുകൊണ്ടാണ് പിന്മാറ്റമെന്ന് സുകുമാരൻ നായർ പറഞ്ഞു. രൂപരേഖ പോലും തായാറാക്കാത്ത ഐക്യത്തിൽ എന്ന് തീരുമാനിച്ചിട്ട് കാര്യമില്ല. വെള്ളാപ്പള്ളി നടേശൻ പറഞ്ഞതുകൊണ്ട് ഐക്യം കാലഘട്ടത്തിന്റെ ആവശ്യമെന്ന് പറഞ്ഞതെന്ന് ജി സുകുമാരൻ നായർ പറഞ്ഞു.ഐക്യചർച്ചകൾക്ക് എൻഡിഎ നേതാവായ തുഷാർ വെള്ളാപ്പള്ളിയെ ദൂതനാക്കിയതിൽ എതിർപ്പുണ്ടെന്നും ഇക്കാര്യം എസ്എൻഡിപി യോഗത്തെ താൻ നേരിട്ടറിയിച്ചെന്നും ജി സുകുമാരൻ നായർ പ്രതികരിച്ചു. തുഷാർ വെള്ളാപ്പള്ളിയോട് ചർച്ചയ്ക്ക് വരേണ്ടതില്ലെന്ന് പറ‍ഞ്ഞിരുന്നതായും അദേഹം പറഞ്ഞു. സമദൂരം എന്നതിന് എതിരാണ് ഐക്യ നീക്കതമെന്ന് മനസിലായെന്ന് അദേഹം പറഞ്ഞു. ഐക്യ നീക്കം കാലത്തിന്റെ ആവശ്യമായിരുന്നു. എന്നാൽ പിന്നിലെ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ബോധ്യപ്പെട്ടു. തുഷാർ വെള്ളാപ്പള്ളി ചർച്ചയ്ക്ക് അനുവാദം ചോദിച്ചിരുന്നെങ്കിലും അനുവാദം നൽകിയില്ല. രാഷ്ട്രീയക്കാരനെ അല്ല ചർച്ചയ്ക്ക് വിടേണ്ടതെന്ന് അദേഹം പറഞ്ഞു.എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗത്തിൽ ആരും എതിർപ്പ് അറിയിച്ചിട്ടില്ല. ഒരു ഭിന്നാഭിപ്രായം ഉണ്ടായിട്ടില്ലെന്ന് സുകുമാരൻ നായർ പറഞ്ഞു. ഇപ്പോൾ ഒറ്റയ്ക്ക് പോകാൻ എൻഎസ്എസിന് അറിയാം. ഐക്യത്തിലേക്ക് പോകാൻ എൻഎസ്എസ് തയാറല്ല. എസ്എൻഡിപി സംസാരിക്കുന്നത് ആർക്ക് വേണ്ടിയാണെന്ന് അറിയില്ല. അവർ തന്നെ ഉണ്ടാക്കിയ കാരണം കൊണ്ടാണ് ഐക്യത്തിൽ നിന്ന് പിന്മാറാനുള്ള കാരണം. ഞങ്ങൾ അബദ്ധം വരാതിരിക്കാൻ എപ്പോഴും ജാഗരൂഗരാണ്. എല്ലാം സമദൂരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ജി സുകുമാരൻ നായർ പറഞ്ഞു. വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ കിട്ടിയത് നല്ല കാര്യമെന്നും അദേഹം പ്രതികരിച്ചു.

എല്ലാ സമുദായ-മത-രാഷ്ട്രീയ സംഘടനകളോടും സൗഹൃദം തുടരുമെന്ന് ജി സുകുമാരൻ നായർ വ്യക്തമാക്കി. ഐക്യ നീക്കം രൂപത്തിൽ വന്നില്ലല്ലോ. വരുമ്പോഴേ ചീറ്റിപ്പോയെന്ന് അദേഹം പറഞ്ഞു. എൻഎസ്എസിൽ എല്ലാ രാഷ്ട്രീയപാർട്ടിയിൽ ഉൾപ്പെട്ടവർ ഉണ്ട്. അവർ രാഷ്ട്രീയത്തെക്കാൾ കൂടുതൽ സംഘടനയെ സ്‌നേഹിക്കുന്നവരാണ്. അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം ഉണ്ടാക്കില്ല. പൊല്ലാപ്പുകൾക്കില്ലെന്നും ജി സുകുമാരൻ നായർ പറഞ്ഞു.