വാളയാറിലെ ആള്‍ക്കൂട്ട ആക്രമണം: കൊല്ലപ്പെട്ട അതിഥി തൊഴിലാളി രാംനാരായണിന്റെ ബന്ധുക്കള്‍ ഇന്ന് തൃശൂരില്‍ എത്തും

പാലക്കാട് വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അതിഥി തൊഴിലാളി രാംനാരായണന്‍ ഭയ്യയുടെ ബന്ധുക്കള്‍ ഇന്ന് തൃശൂരില്‍ എത്തും. ഭാര്യയും മറ്റ് കുടുംബാംഗങ്ങളുമാണ് ഉച്ചയോടെ തൃശൂരില്‍ എത്തുക. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്ന കാര്യത്തില്‍ പിന്നീട് നിലപാട് വ്യക്തമാക്കും. കുടുംബത്തിലെ ധനസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും രംഗത്ത് എത്തിയിട്ടുണ്ട്. ശരിയായ അന്വേഷണവും നടപടിയും കേസില്‍ ഉണ്ടാകണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാകും അന്വേഷണം. നിലവില്‍ അഞ്ചുപേരുടെ മാത്രമാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശേഷമാകും തുടര്‍നടപടികള്‍.

അതേസമയം, പിടിയിലായ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം ഉയര്‍ത്തി ഡിവൈഎഫ്‌ഐ രംഗത്തെത്തി. അറസ്റ്റിലായ അഞ്ചുപേരില്‍ നാലുപേരും ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരും മുന്‍പ് ക്രിമിനല്‍ കേസില്‍ അകപ്പെട്ടിട്ടുള്ളവരുമാണ്.

ബുധനാഴ്ചയാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായണന്‍ ബയ്യ മണിക്കൂറുകള്‍ നീണ്ട വിചാരണയ്ക്കും കൊടും ക്രൂരതയും ശേഷം ചികിത്സയിലിരിക്കെ മരിക്കുന്നത്. മോഷ്ടാവാണെന്നു സംശയിച്ചാണ് ആള്‍ക്കൂട്ടം ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണന്‍ ബയ്യയെ മര്‍ദിച്ചത്. അട്ടപ്പള്ളത്തെ തൊഴിലുറപ്പ് വനിതകള്‍ ആണ് രാം നാരായണനെ ആദ്യം പ്രദേശത്ത് കാണുന്നത് തുടര്‍ന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിച്ചു. പിന്നീട് പ്രദേശവസികള്‍ ചേര്‍ന്ന് സംഘം ചേര്‍ന്ന് രാംനാരായണനെ തടഞ്ഞുവെച്ചു മര്‍ദിക്കുകയായിരുന്നു.

അവശനിലയില്‍ ആയ രാമനാരായണനെ പൊലീസ് എത്തി പാലക്കാട്ട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. അറസ്റ്റിലായ പ്രതികള്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരെന്നാണ് കണ്ടെത്തല്‍.അട്ടപ്പള്ളം സ്വദേശികളായ അനു,പ്രസാദ്, മുരളി,അനന്തന്‍, വിബിന്‍ എന്നിവരെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ മുരളി, അനു എന്നിവര്‍ 15 വര്‍ഷം മുന്‍പ് അട്ടപ്പള്ളത്ത് സിഐടിയു ചുമട്ടുതൊഴിലാളിയായ സ്റ്റീഫനെയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ വിനോദിനേയും വെട്ടിയ കേസില്‍ പ്രതികളാണ്. ഇതില്‍ സ്റ്റീഫനെ വെട്ടിയ കേസ് ഇപ്പോഴും ഹൈക്കോടതിയില്‍ നടക്കുകയാണ്.