സവര്‍ക്കര്‍ പുരസ്‌കാരം സ്വീകരിക്കില്ല’; നിലപാട് വ്യക്തമാക്കി ഡോ. ശശി തരൂര്‍

സവര്‍ക്കര്‍ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് ഡോ. ശശി തരൂര്‍ എംപി. ബംഗാളില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായാണ് വിവരം. ലോക്‌സഭയില്‍ എത്തി ഒപ്പിട്ട ശേഷമാണു മടങ്ങിയത്. പാര്‍ലമെന്റില്‍ എത്തി ഉടനെ മടങ്ങുകയായിരുന്നു.

എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരമാണ് ശശി തരൂര്‍ എംപിക്ക് ലഭിച്ചത്. ഇന്ന് ഡല്‍ഹിയിലെ എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിങ് ശശി തരൂരിന് പുരസ്‌കാരം സമ്മാനിക്കുമെന്നായിരുന്നു വിവരം. ശശി തരൂര്‍ എംപിയെക്കൂടാതെ മറ്റ് അഞ്ച് പേര്‍ക്ക് കൂടി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പൊതുസേവനം, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയവര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നതെന്നാണ് എച്ച്ആര്‍ഡിഎസ് വിശദീകരിക്കുന്നത്.

ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിലൂന്നി പ്രവര്‍ത്തിച്ചിരുന്ന ശ്രദ്ധേയ നേതാവായ സവര്‍ക്കറുടെ പേരിലുള്ള പുരസ്‌കാരം, ആര്‍എസ്എസ് ബന്ധമുള്ള സംഘടന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന് നല്‍കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അതൃപ്തി അറിയിച്ചിരുന്നു. ഒരു കോണ്‍ഗ്രസുകാരനും സവര്‍ക്കര്‍ പുരസ്‌കാരം വാങ്ങാന്‍ പാടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് രക്തം സിരകളിലൂടെ ഒഴുകുന്ന ആളുകള്‍ക്ക് പുരസ്‌കാരം സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

സവര്‍ക്കര്‍ പുരസ്‌ക്കാരം വാങ്ങാന്‍ അര്‍ഹരായ നിരവധിപേര്‍ കോണ്‍ഗ്രസില്‍ ഇനിയും ഉണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പരിഹസിച്ചു. നേതാക്കള്‍ തമ്മില്‍ ഇക്കാര്യത്തില്‍ ഒരു മത്സരം തന്നെ നടക്കും. തരൂര്‍ ഇഎംഎസിന്റെ പേരിലുള്ള പുരസ്‌കാരം ആണ് വാങ്ങിയിരുന്നതെങ്കിലും അപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്തായേനെ. തരൂരിന് എതിരെ ഒരു വാക്ക് പറയാനോ നടപടി എടുക്കാനോ കഴിയില്ല. സെമിനാറില്‍ പങ്കെടുത്തത്തിനാണ് കെവി തോമസിനെതിരെ നടപടി എടുത്തത് – മുഹമ്മദ് റിയാസ് പറഞ്ഞു.