രാഹുല്‍ മാങ്കൂട്ടത്തില്‍ കാസര്‍ഗോഡ്? ഹോസ്ദുര്‍ഗ് കോടതിയില്‍ വന്‍ പൊലീസ് സന്നാഹം

ബലാത്സംഗക്കേസില്‍ പ്രതിയായ ശേഷം എട്ട് ദിവസമായി ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കാസര്‍ഗോഡെത്തിയെന്ന് സൂചന. കാസര്‍ഗോഡ് കാഞ്ഞങ്ങാട്ടെ ഹോസ്ദുര്‍ദ് കോടതിയില്‍ വന്‍ പൊലീസ് സന്നാഹമാണ് ഇപ്പോഴുള്ളത്. രാഹുല്‍ ഇതിനോടകം പൊലീസ് കസ്റ്റഡിയിലായോ എന്നത് സംബന്ധിച്ച് പൊലീസില്‍ നിന്നും സ്ഥിരീകരണം ലഭിച്ചിട്ടില്ല. കോടതി പരിസരത്ത് അസാധാരണ തരത്തിലുള്ള സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാധാരണ സമയം കഴിഞ്ഞും കോടതി പ്രവര്‍ത്തിക്കുന്നതും സംശയങ്ങള്‍ ബലപ്പെടുത്തുകയാണ്.

രാഹുല്‍ കാസര്‍ഗോഡെത്തി കീഴടങ്ങുകയാകുമോ അതോ കോടതിയിലേക്ക് വരുംവഴി രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയാകുമോ എന്നതാണ് സസ്‌പെന്‍സായി നിലനില്‍ക്കുന്നത്. കാസര്‍ഗോഡ് ജില്ലാ പൊലീസ് സൂപ്രണ്ട്, കാഞ്ഞങ്ങാട് ഡിവൈഎസ്പി തുടങ്ങിയവര്‍ കോടതി പരിസരത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. പ്രതിഷേധത്തിന് സജ്ജരായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും എത്തിച്ചേരുന്നുമുണ്ട്.

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍സ് സെഷന്‍സ് കോടതി ഇന്ന് തള്ളിയ സാഹചര്യത്തിലാണ് അറസ്റ്റിന് സാധ്യതയേറുന്നത്. എട്ടുദിവസമായി എംഎല്‍എ ഒളിവിലാണ്. ഇനിയും ഒളിവില്‍ തുടരുന്നത് തുടര്‍ന്ന് നല്‍കുന്ന ജാമ്യ ഹര്‍ജിയുടെ വിധിയേയും കേസിനെ ആകെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് രാഹുലിന് നിയമോപദേശം ഉള്‍പ്പെടെ ലഭിച്ചെന്ന് സൂചനയുണ്ട്. അതിനാല്‍ രാഹുല്‍ ഇന്ന് തന്നെ കീഴടങ്ങിയേക്കുമെന്ന് മുന്‍പുതന്നെ അഭ്യൂഹമുണ്ടായിരുന്നു.

തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. പൊലീസ് കേസ് എടുത്തതിന് പിന്നാലെ ഒളിവില്‍ പോയ എംഎല്‍എ എട്ടാം ദിവസവും കാണാമറയത്താണ്. കീഴടങ്ങുമോ, അതോ എസ്‌ഐടി പിടികൂടുമോ, ഈ രണ്ട് ചോദ്യങ്ങള്‍ക്കാണ് ഇനി ഉത്തരം വേണ്ടത്ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റതിന്റെ ഒന്നാം വാര്‍ഷിക ദിനത്തിലാണ് രാഹുലിനെതിരായ നടപടി. രാഹുല്‍ എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.