Headlines

സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. മഴമുന്നറിയിപ്പിന്റെ ഭാഗമായി തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. അറബിക്കടലിന് മുകളിൽ രൂപപ്പെട്ട ചക്രവാതചുഴിയുടെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.
മഴയ്ക്കൊപ്പം മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.

മലയോര മേഖലയിൽ ഉള്ളവരും തീരദേശവാസികളും ജാഗ്രത പാലിക്കണം. അതേസമയം കേരളതീരത്ത് മീൻപിടുത്തത്തിന് വിലക്കില്ല. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തെ തുടർന്ന്, തമിഴ്നാട്ടിൽ ഇന്നു മുതൽ മൂന്ന് ദിവസത്തേയ്ക്ക് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് പതിനൊന്ന് ജില്ലകളിലും കാരക്കലിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 23ന് 13 ജില്ലകളിലും 24 ന് ഒൻപത് ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്. കാരക്കലിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കന്യാകുമാരി മുതൽ കടലൂർ വരെയുള്ള തീരദേശ ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.