ശിവപ്രിയയുടെ മരണം: പ്രതിഷേധിക്കുന്നവരുമായി ഡിഎംഇ കൂടിക്കാഴ്ച നടത്തി

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചതില്‍ തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് പ്രതിഷേധിക്കുന്നവരുമായി ഡിഎംഇ കൂടിക്കാഴ്ച നടത്തി. ബിജെപി നേതാവ് വി മുരളീധരനും, യുവതിയുടെ ബന്ധുക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തണമെന്നും, ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു.

കൃത്യമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം. കുടുംബത്തിന് നിലവില്‍ ഒരു ലക്ഷം രൂപവരെ ചെലവായി. അതെങ്ങനെ ഉണ്ടായി എന്ന് അന്വേഷിക്കണം. രണ്ട് കുട്ടികള്‍ ഉണ്ട്. ഭര്‍ത്താവ് മനുവിന് സര്‍ക്കാര്‍ ജോലി നല്‍കണം. കുടുംബത്തെ സഹായിക്കണം. നടപടികള്‍ ഉണ്ടായില്ലെങ്കില്‍ വീണ്ടും പ്രതിഷേധവുമായി എത്തും – അദ്ദേഹം പറഞ്ഞു.

ആശുപത്രിയില്‍ നിന്ന് അണുബാധയുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. ശിവപ്രിയ ആശുപത്രി വിടുന്ന സമയം ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ലേബര്‍ റൂമില്‍ ഒരുതരത്തിലുള്ള അണുബാധയും ഇല്ലാത്ത രീതിയിലാണ് സൂക്ഷിക്കുന്നത്. വീട്ടില്‍ പോയതിനുശേഷം ആണ് പനിയും ചര്‍ദ്ദിലും വന്നിരിക്കുന്നത്. വീട്ടില്‍ നിന്നും അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. വയറിളക്കം ഉണ്ടായിരുന്നു. ഇതും അണുബാധക്ക് കാരണമാകാം. മലം മുറിവില്‍ പറ്റിയും സംഭവിക്കാം – ഡോക്ടര്‍മാര്‍ പറഞ്ഞു

കരിക്കകം സ്വദേശിയായ 26 കാരി ശിവപ്രിയയെ, ഒക്ടോബര്‍ 22 നാണ് പ്രസവത്തിനായി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 25ന് കുഞ്ഞുമായി വീട്ടിലേക്ക് മടങ്ങി. കടുത്ത പനിയെ തുടര്‍ന്നു പിറ്റേ ദിവസം തിരികെ ആശുപത്രിയില്‍ എത്തിച്ചു. നില വഷളായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ, മള്‍ട്ടി സ്പെഷ്യാലിറ്റി വിഭാഗത്തിലേക്ക് മാറ്റി. കള്‍ച്ചര്‍ പരിശോധനയില്‍ അസിനെറ്റോ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. അണുബാധ കൂടിയതോടെ, ആദ്യം ഐസിയുവിലേക്കും, പിന്നീട് വെന്റിലേറ്ററിലേക്കും മാറ്റി. ഇന്ന് ഉച്ചയോടെ മരിച്ചു. എസ്എടി ആശുപത്രിയില്‍ നിന്നാണ്, അണുബാധ ഉണ്ടായതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ശിവപ്രിയയുടെ ഒന്‍പത് ദിവസവും രണ്ടര വയസും മാത്രം പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളുമായി ബന്ധുക്കള്‍ എസ്എടി ആശുപത്രിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.