Headlines

അനൈക്യം ഉണ്ടാക്കുന്നത് നിർത്തിയാൽ അടുത്ത തിരഞ്ഞെടുപ്പിൽ വിജയിച്ച് വരാം; ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് കെ സുധാകരൻ

ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ചെന്ന് മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അതൃപ്തി നേരെ മുഖം നോക്കി പറഞ്ഞു. നേതാക്കന്മാരാണ് ഈ പാർട്ടിയിൽ അനൈക്യം ഉണ്ടാക്കുന്നവർ. അനൈക്യം ഉണ്ടാക്കുന്നത് നിർത്തിയാൽ അടുത്ത തിരഞ്ഞെടുപ്പിൽ വിജയിച്ചു വരാം. ഇല്ലേൽ വള്ളത്തിലാകും. അനുകൂല നടപടി പ്രതീക്ഷിക്കുന്നുവെന്ന് കെ സുധാകരൻ പറഞ്ഞു.

കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഇല്ല. ഒരു പാർട്ടിയാകുമ്പോൾ ഒരു വിഷയത്തിൽ രണ്ട് അഭിപ്രായം ഉണ്ടാകും. അത് തർക്കമല്ല. ആശയവിനിമയങ്ങൾ നടക്കുന്നു. എല്ലാവരും പരസ്പരം ബന്ധപ്പെടുന്നുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.

അതേസമയം കേരളത്തിൽ നവംബർ ഒന്നു മുതൽ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാൻ കെപിസിസി. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും എഐസിസി നേതൃത്വം വിലയിരുത്തി. പ്രചാരണ പദ്ധതികളെ കുറിച്ച് KPCC പ്രസിഡണ്ടും പ്രതിപക്ഷ നേതാവും വിശദീകരിച്ചു. തിരഞ്ഞെടുപ്പിന് ഒറ്റക്കെട്ടായി നേരിടാൻ കോൺഗ്രസ്‌ ഹൈക്കമാൻഡ് നിർദ്ദേശം നൽകി. മുന്നൊരുക്കങ്ങളിൽ എഐസിസി നേതൃത്വം സംതൃപ്തി അറിയിച്ചു. ചില മാറ്റങ്ങളും നിർദ്ദേശിച്ചു.

അതേസമയം കേരളത്തിലെ നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ചയിൽ കെപിസിസി അധ്യക്ഷന്റെ പ്രവർത്തന ശൈലിയിൽ അമർഷം രേഖപ്പെടുത്തി നേതാക്കൾ. പ്രസിഡന്റ് പാർട്ടിയിൽ വിഷയങ്ങൾ കൂടിയാലോചന നടത്തുന്നില്ലെന്നും രാഷ്‌ട്രീയകാര്യ സമിതിയും കെപിസിസി യോഗങ്ങളും നടക്കുന്നില്ലെന്നുമാണ് വിമർശനം.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിയാകുമ്പോഴും കെ.പി.സി.സി.സെക്രട്ടറിമാരായില്ല. പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും തമ്മിലും ആശയവിനിമയമില്ലെന്നും നേതാക്കൾ ഹൈക്കമാൻഡിന് മുന്നിൽ വ്യക്തമാക്കി.