പി.എം. ശ്രീ പദ്ധതിയിൽ പങ്കുചേരാനുള്ള കേരളത്തിന്റെ തീരുമാനത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. പാർട്ടി ആശയങ്ങളെ ബലിയർപ്പിച്ച് രഹസ്യ അജണ്ട നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് പിണറായി വിജയനെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ഒരു ഘടകകക്ഷിയെ പോലും തള്ളിക്കളഞ്ഞുകൊണ്ട് സ്വന്തം നിലപാട് മാറ്റി ഈ തീരുമാനമെടുക്കാൻ എന്ത് ചേതോവികാരമാണ് മുഖ്യമന്ത്രിക്ക് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു. സിപിഐയുടെ വിമർശനം തള്ളിക്കളഞ്ഞ്, കാശിനു വേണ്ടിയാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാപിത താൽപര്യങ്ങൾക്കായി എടുക്കുന്ന നിലപാടാണ് സിപിഐഎം സ്വീകരിക്കുന്നതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയെ അഭിനന്ദിക്കാൻ എബിവിപിക്ക് ഭയങ്കര സന്തോഷമാണെന്നും മന്ത്രിസഭയിൽ സിപിഐ എതിർപ്പറഞ്ഞിട്ടും അന്നുതന്നെ അത് ഒപ്പിടാനുള്ള തിടുക്കം എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. സിപിഐ രാഷ്ട്രീയ നിലപാട് വ്യക്തമാക്കണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.
കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ ഈ പദ്ധതി നടപ്പിലാക്കാൻ കോൺഗ്രസ് മുൻകൈ എടുത്തിട്ടില്ല. ബിജെപി സർക്കാർ ഭരിച്ച കാലത്താണ് പദ്ധതിയിൽ ഒപ്പുവെച്ചത്. കോൺഗ്രസ് അതിനെ എതിർത്തിട്ടുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറി ഓരോ ഒഴിവും കഴിവ് പറയുകയാണ്. സ്വന്തം പാർട്ടി കോൺഗ്രസ് എടുത്ത തീരുമാനത്തിൽ വെള്ളം ചേർക്കാൻ എന്താണ് കാരണം? ഇതിന് പിന്നിലെ താൽപര്യം സിപിഐഎം-ബിജെപി ഡീലാണ്. സിപിഐ പോയാലും കുഴപ്പമൊന്നുമില്ല, ആ സീറ്റുകളിൽ കച്ചവടം ഉറപ്പിക്കാനുള്ള നിലപാടാണ് സിപിഐഎമ്മിന്റേത്. സിപിഐ മുന്നണിയിൽ തുടർന്നാലും ഈ കച്ചവടം തുടരും. സിപിഐ സൂക്ഷിക്കണം. ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ തടവറയിലാണ് പിണറായി വിജയനെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.






