Headlines

പിഎം ശ്രീയുടെ നിജസ്ഥിതി അറിയാന്‍ സിപിഐ; കേന്ദ്രവുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടോ എന്ന് അന്വേഷിക്കും; ചീഫ് സെക്രട്ടറിയോട് കെ രാജന്‍ സംസാരിക്കും

പിഎം ശ്രീ പദ്ധതിയുടെ നിജസ്ഥിതി അറിയാന്‍ സിപിഐ. കേന്ദ്രവുമായി ധാരണാ പത്രത്തില്‍ ഒപ്പുവെച്ചോ എന്ന് ചീഫ് സെക്രട്ടറിയോട് ചോദിക്കാനാണ് തീരുമാനം. സിപിഐ നിയമസഭാ കക്ഷി നേതാവ് മന്ത്രി കെ രാജന്‍ ചീഫ് സെക്രട്ടറിയോട് സംസാരിക്കും. ഒപ്പുവെച്ച വിവരം പാര്‍ട്ടി മന്ത്രിമാരെ ഔദ്യോഗികമായി അറിയിക്കാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയോട് വിവരം തേടുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റിന് മുന്നോടിയായാണ് വിവരശേഖരണം.

സിപിഐയുടെ ശക്തമായ എതിര്‍പ്പിനെ ഗൗനിക്കാതെ രണ്ടും കല്‍പ്പിച്ചാണ് പിഎം ശ്രീ പദ്ധതിയില്‍ ചേരാനുള്ള ധാരണ പത്രത്തില്‍ സര്‍ക്കാര്‍ ഒപ്പുവച്ചത്. പിഎം ശ്രീയെ ചൊല്ലി വലിയ തര്‍ക്കമാണ് എല്‍ഡിഎഫില്‍ ഉണ്ടായത്. വിരുദ്ധാഭിപ്രായവുമായി സിപിഐ സിപിഐഎം നേതാക്കള്‍ പരസ്യമായി രംഗത്തെത്തി. പ്രധാന സംഭവ വികാസങ്ങളിലേക്ക് ഒരിക്കല്‍ കൂടി പോകാം.

പിഎം ശ്രീയില്‍ ചേരാനുള്ള നീക്കം നയപരമായ മാറ്റത്തിലേക്ക് കേരളാ സര്‍ക്കാരും സിപിഐഎമ്മും നീങ്ങുന്നു എന്ന് സൂചിപ്പിക്കുന്നതായിരുന്നു. ശക്തമായ എതിര്‍പ്പുമായി സിപിഐ രംഗത്തെത്തുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. കേന്ദ്രത്തില്‍ നിന്ന് 1466 കോടി രൂപ ലഭിക്കാനുണ്ട്. ആ പണം എന്തിനാണ് കളയുന്നത് എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ ആദ്യ പ്രതികരണം.

പാര്‍ട്ടിയുടെ എതിര്‍പ്പ് അവഗണിച്ച് കേന്ദ്ര വിദ്യാഭ്യാസ പദ്ധതി, പിഎം ശ്രീയില്‍ ഒപ്പുവെച്ചതോടെ കടുത്ത നടപടിയിലേക്ക് നീങ്ങാനാണ് സിപിഐ തീരുമാനം. വിയോജിപ്പ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഇടതുനയത്തില്‍ നിന്ന് സിപിഐഎം വ്യതിചലിച്ചെന്ന് സിപിഐ വ്യക്തമാക്കി. ഇടതുനയം ഉയര്‍ത്തിപ്പിടിക്കേണ്ടത് സിപിഐയുടെ മാത്രം ബാധ്യതയല്ലെന്നും നേതാക്കള്‍ വിമര്‍ശനം ഉയര്‍ത്തി. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ദേശീയ-സംസ്ഥാന സെക്രട്ടേറിയറ്റുകളുടെ അടിയന്തര യോഗം ചേരും.