യുവമോർച്ച, മഹിളാമോർച്ച സെക്രട്ടറിയേറ്റ് മാർച്ചുകളിലെ സമരവിഷയം മാറ്റി ബിജെപി. തൊഴിലില്ലായ്മക്കും യുവജന വിരുദ്ധ സർക്കാരിനും എതിരെ എന്നാരോപിച്ച് യുവമോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഒടുവിൽ ശബരിമല മോഷണത്തിനെതിരെയാക്കി. സെക്രട്ടറിയേറ്റിലേക്ക് ഇന്ന് മഹിളാമോർച്ച മാർച്ച് നടത്തുന്നത് വിലക്കയറ്റത്തിനെതിരെയായിരുന്നു എന്നാൽ പിന്നീട് വിഷയം മാറ്റുകയായിരുന്നു.
ശബരിമല കൊള്ളക്കെതിരെയാണ് മാർച്ച് എന്നാണ് ഒടുവിലത്തെ പോസ്റ്റർ. ശബരിമല സ്വർണ്ണ മോഷണ വിവാദത്തിൽ സമരം ഏറ്റെടുക്കുന്നതിൽ ബിജെപി വൈകിയെന്ന് ആരോപണം ഉയർന്നിരുന്നു. പിന്നാലെ പ്രഖ്യാപിച്ച യുവമോർച്ച മഹിളാമോർച്ച മാർച്ചുകളിൽ ശബരിമല വിഷയം ഉയർത്താത്തത് പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് വിഷയം മാറ്റിയത്.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ നേതാക്കൾക്ക് പ്രത്യേക ചുമതല നൽകി ബിജെപി. ഒപ്പം നിയമസഭ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നിർദ്ദേശം. നേതാക്കൾ മത്സരിക്കുന്ന നിയമസഭാ മണ്ഡലങ്ങളെ സംബന്ധിച്ചും പ്രാഥമിക ധാരണയായി.
തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് ഷെയർ 25 ശതമാനമായി ഉയർത്തുകയെന്നതാണ് കേന്ദ്രനേതൃത്വം നൽകിയിരിക്കുന്ന ലക്ഷ്യം. കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം പിടിക്കുകയെന്ന കർത്തവ്യം ബിജെപിക്കുണ്ട്. നേതാക്കളുടെ സാന്നിധ്യവും പരിചയസമ്പത്തും കഴിവും പ്രയോജനപ്പെടുത്തണം.
നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ മീറ്റ് ദി ലീഡർ പരിപാടി സംഘടിപ്പിക്കാൻ ജില്ലാ പ്രസിഡന്റുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ ചുമതല പ്രധാന നേതാക്കൾക്കാർക്കും നൽകാത്തതിൽ അതൃപ്തിയുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിൽ രാജീവ് ചന്ദ്രശേഖറിനാണ് ചുമതല. വർക്കല മുൻസിപ്പാലിറ്റി, കഴക്കൂട്ടം നിയമസഭ മണ്ഡലത്തിന് വി മുരളീധരനും ചെങ്ങന്നൂർ, മാവേലിക്കര മുൻസിപ്പാലിറ്റി കുമ്മനം രാജശേഖരനുമാണ് ചുമതല നൽകിയിരിക്കുന്നത്.