ഹിമാലയൻ മേഖലയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി രൂക്ഷം. നേപ്പാളിൽ 47 പേർ മരിച്ചു. ഒൻപത് പേരെ കാണാതായി. പ്രളയക്കെടുതിയിൽ വടക്കൻ ബംഗാളിലെ ഡാർജിലിംഗിൽ അതീവ രൂക്ഷമാണ് സാഹചര്യം. ഡാർജിലിംഗിൽ മരണം 17 ആയി. മണ്ണിടിച്ചിലിൽ മിരിക്, സുഖിയ പൊഖാരി എന്നിവിടങ്ങളിൽ മാത്രം 14 പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
മണ്ണിടിച്ചിലിൽ പശ്ചിമ ബംഗാളിനും സിക്കിമിനും ഇടയിലുള്ള റോഡ് ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടു. ബാലസൺ നദിക്ക് കുറുകെയുള്ള ധുഡിയ ഇരുമ്പ് പാലം തകർന്നതോടെ ഡാർജിലിംഗിനും സിലിഗുരിക്കും ഇടയിലുള്ള പ്രധാന റോഡിൽ ഗതാഗതം തടസപ്പെട്ടു. നേപ്പാളിൽ ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിലുള്ള ഇലാം ജില്ലയിൽ വ്യാപകമായുണ്ടായ മണ്ണിടിച്ചിലിൽ നിരവധി പലങ്ങൾ ഒലിച്ചുപോയി. റോഡുകളും തകർന്നു.
അതേസമയം, പ്രളയദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേപ്പാളിന് പിന്തുണ അറിയിച്ചു. മേഖലയിലെ സാഹചര്യങ്ങൾ പ്രധാനമന്ത്രി സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വടക്കൻ ബംഗാൾ, സിക്കിം, മേഘാലയ എന്നിവിടങ്ങളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ടും ബീഹാർ, ജമ്മു കശ്മീർ,പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.