Headlines

‘പലസ്തീൻ എല്ലാ കാലത്തും മനസിൽ നല്ല ഇടം നേടിയ രാഷ്ട്രം, അമേരിക്കൻ പിന്തുണയോടെ നടത്തുന്ന ഇസ്രയേൽ ആക്രമണം എല്ലാ പരിധിയും ലംഘിച്ചു’: മുഖ്യമന്ത്രി

മാധ്യമപ്രവർത്തനം വലിയ വെല്ലുവിളി നേരിടുന്ന കാലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തിൻ്റെ നെടുംതൂണായി മാധ്യമങ്ങൾ വർത്തിച്ചൊരു കാലം രാജ്യത്തിനുണ്ടായിരുന്നു. മാധ്യമ രംഗമാകെ വെല്ലുവിളി നേരിടുന്നു. ഭരണകൂടങ്ങളെ വിമർശിക്കുപ്പോൾ കയ്യൂക്ക് കൊണ്ട് നേരിടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ മാധ്യമങ്ങളുടെ നിയന്ത്രണം കുത്തക മുതലാളിമാരുടെ കയ്യിലേക്ക് എത്തിയിരിക്കുന്നു. കേന്ദ്രസർക്കാറിന്റെ വർഗീയതയെ പ്രകീർത്തിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമങ്ങളും ആയി ഇന്ന് മാറിയിരിക്കുന്നു. വ്യാജവാർത്തകൾ സമൂഹത്തിൽ ആധിപത്യം നേടുന്നു

റിപ്പബ്ലിക് ടി.വി പോലെയുള്ള ചാനലുകളെ രാജ്യം കാണുകയാണ്. സ്വതന്ത്ര മാധ്യമപ്രവർത്തനം വെല്ലുവിളി നേരിടുന്നു. സ്വതന്ത്ര മാധ്യമ പ്രവർത്തനം നിഷേധിക്കപ്പെട്ടാൽ അത് ജനാധിപത്യത്തെ ഒന്നടങ്കം ബാധിക്കും. എൻ ഡി ടി വി ക്ക് എന്തു സംഭവിച്ചത് എന്തെന്ന് എല്ലാവർക്കും അറിയാം. ന്യൂസ് ക്ലിക്ക് പത്രാധിപർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തു. ബിബിസിയുടെ ഓഫീസുകൾ വരെ കേന്ദ്ര അന്വേഷണ ഏജൻസികൾ റെയിഡ് ചെയ്യുന്നു. ഈ സാഹചര്യത്തിൽ എങ്ങനെയാണ് സ്വതന്ത്ര മാധ്യമപ്രവർത്തനം സാധ്യമാകുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ നടത്തുന്ന ആക്രമണം എല്ലാ പരിധിയും ലംഘിച്ചുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. പലസ്തീൻ എല്ലാ കാലത്തും മനസ്സിൽ നല്ല ഇടം നേടിയ രാഷ്ട്രം. പലസ്തീൻ പ്രതിനിധി ഇവിടെയുള്ളത് അഭിനന്ദനാർഹം. പലസ്തീൻ പോരാളികളെ കേരളവും രാജ്യവും നേരത്തെ തന്നെ അംഗീകരിച്ചവരാണ്. പലസ്തീനിൽ നടക്കുന്നത് കടുത്ത വംശഹത്യയാണ്. നിരവധി മാധ്യമപ്രവർത്തകരും പലസ്തീനിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതൊക്കെ കണ്ടിട്ടാണ് ടീച്ചർ എനിക്ക് ഭക്ഷണം ഇറങ്ങുന്നില്ല എന്ന് വിലപിച്ചത്. അത് നാടിൻറെ ആകെ വിലാപമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.