Headlines

‘വാസുദേവന്‍ സ്വര്‍ണപീഠം സൂക്ഷിച്ചതില്‍ ദുരുദ്ദേശമില്ല, തിരികെ സമര്‍പ്പിക്കാന്‍ വിട്ടുപോയതാണ്’; ന്യായീകരണവുമായി സ്‌പോണ്‍സര്‍

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപീഠം ബന്ധുവിന്റെ വീട്ടില്‍ കണ്ടെത്തിയതില്‍ ന്യായീകരണവുമായി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി. 2021ല്‍ സുഹൃത്ത് വാസുദേവന്റെ അടുത്താണ് സ്വര്‍ണപീഠം ശബരിമലയില്‍ സമര്‍പ്പിക്കാനായി നല്‍കിയതെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. അളവ് കൃത്യമാകാത്തതിനാല്‍ വാസുദേവന്റെ കൈയില്‍ തന്നെ അത് റിപ്പയര്‍ ചെയ്യാന്‍ ദേവസ്വം അധികൃതര്‍ തിരിച്ച് നല്‍കി. അത് കൊവിഡ് കാലമായതിനാല്‍ പിന്നീട് സ്വര്‍ണപീഠം റിപ്പയര്‍ ചെയ്ത് സമര്‍പ്പിക്കാന്‍ കുറേക്കാലത്തേക്ക് കഴിഞ്ഞില്ല. താനും ഇക്കാര്യത്തെക്കുറിച്ച് മറന്നുപോയെന്നും വാസുദേവന്‍ പീഠം വീട്ടില്‍ സൂക്ഷിച്ചത് ദുരുദ്ദേശപരമായിരുന്നില്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി കൂട്ടിച്ചേര്‍ത്തു.

തന്റെ കൈയിലുള്ളതാണ് ശബരിമലയില്‍ വിവാദങ്ങള്‍ക്ക് കാരണമായ പീഠമെന്ന് വാസുദേവന്‍ തന്നെ തിരിച്ചറിയുന്നത് ഏറെ വൈകിയാണെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ന്യായീകരണം. ദേവസ്വം ബോര്‍ഡ് പീഠം സുഹൃത്തിന്റെ കൈയില്‍ തിരികെ കൊടുത്തുവിട്ട വിവരം താനും മറന്നുപോയി. വാര്‍ത്തകള്‍ വന്നശേഷമാണ് ഇക്കാര്യം വാസുദേവന്‍ ശ്രദ്ധിച്ചതെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു.
സ്വര്‍ണപീഠം കാണാനില്ലെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി തന്നെയാണ് ആരോപണം ഉന്നയിച്ചിരുന്നത്. ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയായിരുന്നു ആ ആരോപണങ്ങള്‍. താന്‍ നല്‍കിയ സ്വര്‍ണപീഠം കാണാനില്ലെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി കോടതിയില്‍ പറഞ്ഞിരുന്നു. പിന്നീട് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ദേവസ്വം വിജന്‍സ് അന്വേഷണം ആരംഭിച്ചു.

ആറന്മുളയിലെ ഉള്‍പ്പെടെ ദേവസ്വം സ്റ്റോര്‍ റൂമുകളില്‍ അടിമുടി പരിശോധനയും നടത്തി. ഇതിനിടയിലാണ് വിജിലന്‍സ് സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജീവനക്കാരനെ ചോദ്യം ചെയ്തത്.ഈ അന്വേഷണത്തിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തന്നെ സഹോദരിയുടെ വെഞ്ഞാറമൂട്ടിലെ വീട്ടില്‍ നിന്നും സ്വര്‍ണ്ണ പീഠം കണ്ടെത്തിയത്. 2021 മുതല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജീവനക്കാരന്‍ വാസുദേവന്റെ വീട്ടിലാണ് സ്വര്‍ണ്ണ പീഠം സൂക്ഷിച്ചിരുന്നത്. വിവാദങ്ങള്‍ കത്തിക്കേറിയതോടെ വാസുദേവന്‍ സ്വര്‍ണ പീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു.