തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ തിങ്കളാഴ്ച മുതൽ വീണ്ടും വോട്ട് ചേർക്കാം. ഒക്ടോബർ 14 വരെയാണ് വോട്ട് ചേർക്കാൻ അവസരം. ഒക്ടോബർ 25 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. 2025 ജനുവരി 1 നോ അതിന് മുൻപോ 18 വയസ് തികഞ്ഞെവർക്ക് വോട്ട് ചേർക്കാം. തിരഞ്ഞെടുപ്പിന് മുൻപ് വോട്ടർ പട്ടിക പുതുക്കുന്നതിന് മുന്നോടിയായാണ് വീണ്ടും വോട്ട് ചേർക്കാൻ അവസരം നൽകുന്നത്.
നവംബർ ഡിസംബർ മാസങ്ങളിലാണ് തദ്ദേശ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് വോട്ടർ പട്ടിക പുതുക്കുമെന്നും വോട്ട് ചേർക്കാൻ അവസരം നൽകുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ രണ്ടിന് അംഗീകരിച്ച കരട് വോട്ടർ പട്ടിക അടിസ്ഥാനമാക്കിയാണ് വോട്ടർ പട്ടിക പുതുക്കൽ നടക്കുന്നത്. ഈ വോട്ടർ പട്ടികയിൽ ഇടംപിടിക്കുന്ന എല്ലാവർക്കും സവിശേഷ നമ്പർ നൽകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടുണ്ട്.
2020ലെ തദ്ദേശ തിരഞ്ഞെടുപ്പിനായി തയാറാക്കിയ അന്തിമ വോട്ടർ പട്ടികയിൽ 2,76,56,579 (2.76 കോടി) വോട്ടർമാരുണ്ടായിരുന്നു. ഈ മാസം ആദ്യം പുറത്തുവിട്ട കരട് വോട്ടർ പട്ടികയിൽ രണ്ട് കോടി 83 ലക്ഷം പേരാണ് ഉള്ളത്. 6,55,553 വോട്ടർമാരുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. വാർഡ് പുനർവിഭജനത്തിന് ശേഷം പുതിയ വാർഡുകളിലെ പോളിങ് സ്റ്റേഷൻ അടിസ്ഥാനത്തിലാണ് പുതുക്കിയ കരട് വോട്ടർ പട്ടിക യാറാക്കിയിരുന്നത്.
4 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാർഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാർഡുകളിലെയും ആറു കോർപ്പറേഷനുകളിലെ 421 വാർഡുകളിലെയും കരട് വോട്ടർപട്ടികയാണ് പ്രസിദ്ധീകരിച്ചിരുന്നത്. നിയമസഭാ മണ്ഡല അടിസ്ഥാനത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും വാർഡ് അടിസ്ഥാനമാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും വെവ്വേറെ വോട്ടർ പട്ടികയാണു തയാറാക്കുന്നത്.