Headlines

ഹേമചന്ദ്രൻ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

കോഴിക്കോട് ഹേമചന്ദ്രൻ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. തിരോധാനക്കേസ് കൊലപാതകം എന്ന് തെളിയിച്ചാണ് 412 പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചത്. ആറ് പേരെ പ്രതികളാക്കിയാണ് കുറ്റപത്രം കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രെറ്റ് കോടതിയിൽ സമർപ്പിച്ചത്. കൊലക്കുറ്റം ഉൾപ്പെടെ 7 വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അജേഷ്, ജ്യോതിഷ്, വൈശാഖ്, മെൽബിൻ മാത്യു, വിദേശത്തുള്ള വനിത ലിബ, നൗഷാദ് എന്നിവരാണ് പ്രതികൾ

2024 മാർച്ചിലാണ് സുൽത്താൻ ബത്തേരി സ്വദേശിയായ ഹേമചന്ദ്രനെ കോഴിക്കോട്ടെ മായനാട്ടെ വാടക വീട്ടിൽ നിന്ന് കാണാതാവുന്നതും തുടർന്ന് കുടുംബം പരാതി നൽകുന്നതും. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ചേരമ്പാടി വനത്തിൽ കുഴിച്ചിട്ട നിലയിൽ ഹേമചന്ദ്രന്റെ മൃതദേഹം കണ്ടെത്തുന്നത്. ചേരമ്പാടി വനമേഖലയിൽ നിന്നും കണ്ടെത്തിയ മൃതദേഹ അവശിഷ്ടം ഹേമചന്ദ്രന്റേതെന്ന് തന്നെയെന്ന് തിരിച്ചറിഞ്ഞത് ഡിഎൻഎ പരിശോധനയിലൂടെയാണ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇയാളെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മർദ്ദനമേറ്റ് ആണ് ഹേമചന്ദ്രന്റെ മരണമെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തിയിരുന്നു.എന്നാൽ ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തു എന്നാണ് കേസിലെ ഒന്നാംപ്രതി നൗഷാദ് പൊലീസിനോട് പറഞ്ഞത്. നൗഷാദുമായി പൊലീസ് നടത്തിയ തെളിവെടുപ്പിലും കൊലപാതകം എന്ന് തെളിയിക്കാത്ത രീതിയിലുള്ള വിവരങ്ങൾ ലഭിച്ചിരുന്നു. മാത്രമല്ല കൊലപാതകത്തിന് ശേഷം പഞ്ചസാര ചാക്ക്, പണിയായുധങ്ങൾ എന്നിവ വാങ്ങിയ കടകളിലെ ജീവനക്കാരും നൗഷാദിനെ തിരിച്ചറിഞ്ഞിരുന്നു.