സിപിഐഎം നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണ കേസിൽ പരാതിയുമായി പ്രതിയായ ഗോപാലകൃഷ്ണന്റെ കുടുംബം. പറവൂർ സ്റ്റേഷനിലാണ് കോൺഗ്രസിന്റെ പറവൂർ മണ്ഡലം സെക്രട്ടറി സി കെ ഗോപാലകൃഷ്ണന്റെ ഭാര്യ പരാതി നൽകിയത്. കുടുംബത്തിൻറെ ഫോട്ടോയടക്കം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് അപമാനിക്കുന്നുവെന്നും സഹോദരൻറെ കുടുംബത്തിൻറെ ഫോട്ടോ പോലും വ്യാജപ്രചരണത്തിന് ഉപയോഗിക്കുന്നുവെന്നും കുടുംബം നൽകിയ പരാതിയിൽ പറയുന്നു.
അതിനിടെ സൈബർ ആക്രമണത്തിൽ അന്വേഷണ സംഘത്തിന് മുന്നിൽ കൂടുതൽ തെളിവുകൾ കെ ജെ ഷൈൻ സമർപ്പിച്ചു. വൈപ്പിൻ എം എൽ എ കെ എൻ ഉണ്ണികൃഷ്ണന്റെ മൊഴിയിൽ അന്വേഷണസംഘം ഇന്ന് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും.
സാമൂഹിക മാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയവരുടെ പേര് വിവരങ്ങളാണ് എംഎൽഎയും ഷൈൻ ടീച്ചറും കൈമാറിയത്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. വിവിധ ജില്ലകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ കേസുകളും രജിസ്റ്റർ ചെയ്യാനാണ് നീക്കം. വ്യാജപ്രചാരണം നടത്തിയ കോൺഗ്രസ് സൈബർ ഹാൻഡിലുകളെകുറിച്ചും നേതാക്കളെകുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. കെ ജെ ഷൈൻ നൽകിയ പരാതിയിൽ കുന്നംകുളത്തെ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിന്റെ പേരും ഉണ്ട്.
സ്ത്രീത്വതത്തെ അപമാനിക്കുന്ന തരത്തിൽ ലൈംഗിക ചുവയുള്ള പോസ്റ്റുകൾ
സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചുവെന്നാണ് പരാതി.അപവാദ പ്രചാരണം നടത്തിയ പലരും പോസ്റ്റുകൾ പിൻവലിച്ചിരുന്നു. ഇത് വീണ്ടെടുക്കാൻ സൈബർ പൊലീസ് മെറ്റയുടെ സഹായവും തേടി. ഫേസ്ബുക്ക് പോസ്റ്റുകൾ നടത്തിയവർക്കെതിരായ സാക്ഷി മൊഴികളും പൊലീസ് ശേഖരിക്കുന്നുണ്ട്.
അതിനിടെ കേസിലെ മുഖ്യപ്രതിയായ സി കെ ഗോപാലകൃഷ്ണൻ ഒളിവിൽ പോയി. ഇന്നലെ മുതൽ ഗോപാലകൃഷ്ണൻ വീട്ടിലെത്തിയിട്ടില്ല. വി ഡി സതീശൻ എംഎൽഎയുടെ ഓഫീസിലാണ് ഗോപാലകൃഷ്ണനെ ഒളിപ്പിച്ചിരിക്കുന്നത് എന്ന് ആരോപിച്ച് പറവൂരിലെ സിപിഐഎം നേതാക്കൾ രംഗത്തെത്തി.പരമാവധി തെളിവുകൾ ശേഖരിച്ച് അറസ്റ്റ് നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. ഇന്നലെ ഗോപാലകൃഷ്ണന്റെ വീട്ടിലേക്ക് സിപിഐഎം പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. സുരക്ഷ കണക്കിൽ എടുത്ത് പൊലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.