ഗസ നഗരത്തിൽ ആക്രമണം കടുക്കുമ്പോൾ ഇസ്രയേലി ബന്ദികളുടെ ചിത്രം പുറത്തുവിട്ട് ഹമാസ്. ആക്രമണം തുടരുകയാണെങ്കിൽ ഇത് അവസാനത്തെ ചിത്രമായിരിക്കുമെന്ന് മുന്നറിയിപ്പ്. പലസ്തീൻ ജനതയുടെ കഷ്ടപ്പാടുകൾ വിവരണാതീതമാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇതുവരെ നാലര ലക്ഷത്തിലധികം പേർ വടക്കൻ ഗസയിൽ നിന്നും പലായനം ചെയ്തതായി ഗസ സിവിൽ ഡിഫൻസ് അറിയിച്ചു.
1986-ൽ ലെബനനിൽ കാണാതാവുകയും പിന്നീട് 2016-ൽ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്ത ഇസ്രയേലിന്റെ വ്യോമസേനാ ക്യാപ്റ്റൻ റോൺ അരാദിന്റെ പേരാണ് പോസ്റ്ററിലെ മുഴുവൻ ബന്ദികൾക്കും ഹമാസ് നൽകിയിരിക്കുന്നത്.
അതേസമയം രണ്ട് വർഷത്തിനിടെ ഇസ്രയേൽ നടത്തിയ ഏറ്റവും കടുത്ത ആക്രമണങ്ങൾക്കാണ് ഗസ നഗരം സാക്ഷ്യം വഹിക്കുന്നത്. ടാങ്കുകളും കവചിതവാഹനങ്ങളും പോർവിമാനങ്ങളും നഗരം വളഞ്ഞ് ആക്രമണം തുടരുന്നു. വടക്കൻ ഗസയിൽ നിന്ന് പലായനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഉയർന്ന നിരക്ക് മൂലം വാഹനം വാടകയ്‌ക്കെടുക്കാനാകാത്ത അവസ്ഥയാണ്.