എറണാകുളം: എറണാകുളം വടക്കൻ പറവൂരിൽ ഹോട്ടലിൽ കുട്ടികളോട് അപമര്യാദയായി പെരുമാറിയയാളെ പൊലീസ് അറസ്റ്റു ചെയ്തു. വടക്കൻ പറവൂർ സ്വദേശിയ അഖിലാണ് പിടിയിലായത്. പത്തും പതിനഞ്ചും വയസുളള കുട്ടികളും അവരുടെ അച്ഛനുമാണ് ആദ്യം ഹോട്ടലിൽ എത്തിയത്. കുട്ടികളുടെ പിതാവ് മദ്യലഹരിയിലായിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ ഇയാളുടെ സുഹൃത്തായും അഖിലും അവിടെയെത്തി. ഇയാളും ലഹരി ഉപയോഗിച്ചിരുന്നതായി ഹോട്ടലിൽ എത്തിയവർ പറയുന്നു. തുടർന്ന് ഹോട്ടൽ ജീവനക്കാരുമായും ഭക്ഷണം കഴിക്കാനെത്തിയവരും തമ്മിൽ വാക്കേറ്റമായി. ഇതിനിടെയാണ് കുട്ടികളിലൊരാളോട് അഖിൽ അപമര്യാദയായി പെരുമാറിയത്. ഇത് കണ്ട പ്രദേശവാസികളാണ് അഖിലിനേയും കുട്ടികളുടെ പിതാവിനേയും പൊലീസിൽ ഏൽപിച്ചത്. വടക്കൻ പറവൂർ പൊലീസ് അഖിലിനെതിരെ പോക്സോ കേസും ചുമത്തി. ലഹരി ഉപയോഗിച്ച് ബഹളമുണ്ടാക്കിയതിനും ഹോട്ടലിലെ സാധന സാമഗ്രികൾ നശിപ്പിച്ചതിനും കുട്ടികളുടെ പിതാവിനെതിരെയും കേസെടുത്തു. കസ്റ്റഡിയിലെടുത്ത പ്രതികളെ നാട്ടുകാരിൽ ചിലർ മർദിച്ചതും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഹോട്ടലിൽ വെച്ച് കുട്ടികളോട് പിതാവിന്റെ സുഹൃത്ത് അപമര്യാദയായി പെരുമാറി; ഹോട്ടലിൽ നാശനഷ്ടമുണ്ടാക്കി, രണ്ടു പേര് പിടിയിൽ
