ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ കടുത്ത ജാഗ്രതയിലാണ് സംസ്ഥാനം. പനിയും തലവേദനയുമായി ഇന്നലെ വൈകിട്ടാണ് 13 കാരനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്രവപരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി രണ്ട് മാസം മുൻപ് പുഴയിൽ കുളിച്ചിരുന്നുവെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ കെ.ജി സജിത്ത് കുമാർ പറഞ്ഞു.
കുട്ടിക്ക് രണ്ട് ദിവസമായി തലവേദന, ഛർദി തുടങ്ങിയവ ഉണ്ടായിരുന്നു. കുട്ടി ഐസിയുവിൽ ചികിത്സയിലാണുള്ളത് ആശങ്കപ്പെടെണ്ടതില്ലെന്നും പ്രിൻസിപ്പാൾ പറഞ്ഞു. ഇന്നലെ 5 രോഗികൾ അഡൽറ്റ് വാർഡിലും കുട്ടികളുടെ വാർഡിൽ 4 പേരും ഉണ്ടായിരുന്നു. രോഗം ബാധിച്ച് മരിച്ച റഹീം ആശുപത്രിയിൽ വരുന്ന സമയത്ത് തന്നെ അബോധാവസ്ഥയിലായിരുന്നു. കൂടെ ഉണ്ടായിരുന്നവരാണ് ഇയാളെ ആശുപത്രിയിൽ എത്തിക്കുന്നത് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വ്യക്തമാക്കി.
അതേസമയം, ഇന്നലെ മരിച്ച തൃശൂർ ചാവക്കാട് സ്വദേശി റഹീമിന് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇയാൾ ജോലി ചെയ്തിരുന്ന പന്നിയങ്കരയിലെ ശ്രീനാരായണ ഹോട്ടലിന് കോർപ്പറേഷൻ ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവർത്തന വിലക്ക് ഏർപ്പെടുത്തി. കഴിഞ്ഞ 14ന് ഇയാളുടെ കൂടെ താമസിച്ച് ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി ശശിയും മരിച്ചിരുന്നു. ശശിയുടെ മരണ കാരണം വ്യക്തമല്ല. അടുത്തടുത്ത ദിവസങ്ങളിൽ രണ്ട് മരണമുണ്ടായതിനാൽ കരുതൽ നടപടി എന്ന നിലയിലാണ് നിർദേശം. ഇരുവരും ജോലി ചെയ്ത ഹോട്ടലിൽ നിന്നും താമസിച്ച വീട്ടിൽ നിന്നുമുള്ള വെള്ളത്തിന്റെ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.നിലവിൽ 9 പേരാണ് രോഗം ബാധിച്ച ചികിത്സയിൽ ഉള്ളത്. ആരുടെയും ആരോഗ്യനില ഗുരുതരമല്ല.