സിപിഐഎം നേതാവ് കെ ജെ ഷൈനുമായി ബന്ധപ്പെട്ട് നടന്ന അപവാദ പ്രചാരണം വന്നത് സിപിഐഎമ്മില്‍ നിന്നെന്ന വാദത്തിലുറച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. വി എസ് അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വ്യക്തിയുടെ യൂട്യൂബ് ചാനലില്‍ നിന്ന് വന്ന ആരോപണത്തിന്റെ പേരില്‍ തന്റെ നെഞ്ചത്ത് കയറുന്നതെന്തിനെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആ ആരോപണം ഏറ്റെടുത്തിട്ടുണ്ടാകാം. മുന്‍പ് കോണ്‍ഗ്രസുകാര്‍ക്കെതിരെ സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ മനുഷ്യാവകാശവും സ്ത്രീപക്ഷവുമൊന്നും കണ്ടില്ലല്ലോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. കോണ്‍ഗ്രസുകാര്‍ അതിനെ ഏറ്റെടുത്തതിനെ ഒരു തരത്തിലും താന്‍ ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആന്തൂറിലെ സാജന്റെ പാവപ്പെട്ട ഭാര്യയെക്കുറിച്ച് അപവാദപ്രചരണത്തിന് തുടക്കമിട്ട എം വി ഗോവിന്ദന് സ്ത്രീകളെതിരായ പ്രചരണങ്ങളെക്കുറിച്ച് തന്നെ പഠിപ്പിക്കാന്‍ വരേണ്ടെന്ന് വി ഡി സതീശന് പറഞ്ഞു. കെ ജെ ഷൈന്റെ പരാതിയില്‍ കേസെടുത്തത് നല്ല കാര്യമാണ്. എന്നാല്‍ സൈബര്‍ ആക്രമണ പരാതികളില്‍ സര്‍ക്കാര്‍ ഇരട്ടനീതിയാണ് കാണിക്കുന്നത്. അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണ പരാതിയിലും വനിതാ മാധ്യമപ്രവര്‍ത്തകര്‍ നല്കിയ പരാതികളിലൊന്നും നാളിതുവരെയായി നടപടിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗോള അയ്യപ്പ സംഗമത്തിലെ മുഖ്യമന്ത്രിയുടെ പ്രസംഗത്തേയും വി ഡി സതീശന് രൂക്ഷമായി വിമര്‍ശിച്ചു. അയ്യപ്പ സംഗമത്തില്‍ മുഖ്യമന്ത്രി സംസാരിക്കുന്നത് കപട ഭക്തനെപ്പോലെയെന്നാണ് വിമര്‍ശനം. 9.5 വര്‍ഷമായി വര്‍ഷമായി മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാന്‍ ഒന്നും ചെയ്തിട്ടില്ലാത്ത സര്‍ക്കാരാണിത്. വര്‍ഷം കൊടുക്കേണ്ട 82 ലക്ഷം പോലും മൂന്ന് വര്‍ഷമായി സര്‍ക്കാര്‍ ശബരിമലയ്ക്ക് കൊടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.