കെ ജെ ഷൈനിനെതിരായ ആരോപണത്തിന് പിന്നിൽ കോൺഗ്രസെന്ന് സിപിഐഎം. രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആരോപണം മറയ്ക്കാനാണ് അപവാദ പ്രചരണം നടത്തുന്നതെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് പറഞ്ഞു. കെ ജെ ഷൈൻ നടത്തുന്ന നിയമ പോരാട്ടത്തിന് പിന്തുണയെന്നും എസ് സതീഷ് പറഞ്ഞു
സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ആക്ഷേപത്തിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്ന് കെ ജെ ഷൈൻ അറിയിച്ചിരുന്നു. രാഷ്ട്രീയപരമായും വ്യക്തിപരമായും തകർക്കാൻ നെറികെട്ട പ്രചരണം നടത്തുന്നു എന്നും, തന്റെ കുടുംബത്തെ പോലും വേട്ടയാടുന്നെന്നും ഷൈൻ ഫേസ്ബുക്കിൽ കുറിച്ചു. ഒരു പത്രത്തിലും, വിവിധ ഓൺലൈൻ മാധ്യമങ്ങളിലും വന്ന വാർത്തകളും ഫേസ്ബുക്ക് ലിങ്കുകളും സഹിതമാണ് പരാതി നൽകിയത് എന്നും ഷൈൻ വ്യക്തമാക്കി.
സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാൻ ഇതിനു പിന്നിൽ പ്രവർത്തിച്ചവർ തയ്യാറാവണമെന്ന് കെ ജെ ഷൈൻ ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു. കൂടാതെ പൊതുപ്രവർത്തനം നടത്തുന്നത് സ്ത്രീകളുടെ കൂടി അവകാശമാണെന്ന ബോധ്യം വരുന്ന തരത്തിൽ പൊതുസമൂഹവും ഭരണകൂടവും വേണ്ട ഇടപെടൽ നടത്തുമെന്ന വിശ്വാസം ഉണ്ടെന്ന് കെ ജെ ഷൈൻ പറഞ്ഞു.