കരുവന്നൂര്‍ സഹകരണബാങ്ക് സാമ്പത്തിക ക്രമക്കേടില്‍, ചോദ്യമുന്നയിച്ച തന്നോട് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഒരു നല്ല വാക്ക്പോലും പറഞ്ഞില്ലെന്ന് ആനന്ദവല്ലി. ഇരിങ്ങാലക്കുടയിലെ കലുങ്ക് സൗഹൃദ സംവാദത്തിനിടെ നടന്ന സംഭവങ്ങളില്‍ സങ്കടം ഉണ്ടെന്നും ആനന്ദവല്ലി പ്രതികരിച്ചു.
സുരേഷ് ഗോപിയെ കണ്ട സന്തോഷത്തില്‍ ചെന്നതാണ്. സഹകരണ ബാങ്കിലെ കാശ് എന്ന് ചോദിച്ചു. നല്ലൊരു വാക്ക് അദ്ദേഹം പറഞ്ഞില്ല. കിട്ടുമെന്നോ ഇല്ലെന്നോ പറഞ്ഞില്ല. അതില്‍ വിഷമമുണ്ട് – ആനന്ദവല്ലി പറഞ്ഞു.
കരുവന്നൂര്‍ ബാങ്കിലെ പണം തിരിച്ചുകിട്ടുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയോട് ചോദിക്കൂ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഇഡി പിടിച്ചെടുത്ത കാശ് തിരിച്ച് ബാങ്കിലിട്ട് നിങ്ങള്‍ക്ക് തരാനുള്ള സംവിധാനമൊരുക്കാന്‍ തയാറുണ്ടെങ്കില്‍ ആ പണം സ്വീകരിക്കാന്‍ പറ നിങ്ങളുടെ മുഖ്യമന്ത്രിയോട്. പരസ്യമായിട്ടാണ് പറയുന്നത് – സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, ചേര്‍പ്പിലെ കലുങ്ക് സംവാദത്തിനിടെ വയോധകന്റെ അപേക്ഷ നിരസിച്ച സംഭവത്തില്‍ ഇന്നലെ അദ്ദേഹം വ്യക്തത വരുത്തിയിരുന്നു. തനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രമേ പറയു,ചെയ്യാന്‍ കഴിയാത്തത് പറ്റില്ല എന്ന് ഇനിയും പറയും. ചില കൈപിഴകള്‍ ഉയര്‍ത്തിക്കാട്ടി കലുങ്ക് സൗഹ്യദ സദസ് പരിപാടിയെ തകര്‍ക്കാന്‍ അനുവദിക്കില്ല.14 ജില്ലകളിലും കലുങ്ക് സൗഹ്യദ സദസ് നടത്തും – അദ്ദേഹം ഇന്നലെ പറഞ്ഞു.