Headlines

ശബരിമലയിലെ സ്വർണ്ണപ്പാളി തിരികെ എത്തിച്ചപ്പോൾ കുറഞ്ഞത് 4 കിലോ; 2019 ലെ യാത്രയിൽ ദുരൂഹതയുണ്ട്, ഹൈക്കോടതി

ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളിയിലെ തൂക്ക വ്യത്യാസത്തിൽ ഭരണപരമായ വീഴച ഉണ്ടായിട്ടുണ്ടെന്ന് ഹൈക്കോടതി. ശബരിമല ക്ഷേത്ര ഭരണത്തിൽ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. 2019 ൽ സ്വർണ്ണം പൂശുന്നതിനായി സ്വർണ്ണപ്പാളി ചെന്നൈയിലേക്ക് കൊണ്ടുപോയി തിരികെയെത്തിച്ചപ്പോൾ തൂക്കം മഹസറിൽ രേഖപ്പെടുത്തിയില്ല. അത് മനഃപൂർവമാകാമെന്ന സംശയം കോടതി മുന്നോട്ടുവെച്ചു. ഇത്തരം വിവരങ്ങൾ പുറം ലോകം അറിയരുത് എന്ന ഉദ്ദേശത്തോടെ മഹസറിൽ മനഃപൂർവം രേഖപ്പെടുത്തിയില്ല. ഉദ്യോഗസ്ഥ,ഭരണ തലത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സന്നിധാനത്ത് നിന്ന് കൊണ്ടുപോകുമ്പോൾ 42 കിലോ ഉണ്ടായിരുന്ന സ്വർണപ്പാളി സ്മാർട്ട്‍ക്രീയേഷൻസിൽ എത്തിക്കുമ്പോൾ 38 കിലോ ആയി. മാത്രവുമല്ല 2019 ൽസ്വർണ്ണപ്പാളിയുമായുള്ള യാത്രയിലും ദുരൂഹത ഉണ്ടെന്ന് കോടതി കണ്ടെത്തി. സ്വർണ്ണപാളിയുമായി പോയ സ്പോൺസർക്കൊപ്പം ദേവസ്വം ഉദ്യോഗസ്ഥർ ആരും തന്നെ പോയില്ല എന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിശ്വാസ്യതയും സുതാര്യതയും ഉറപ്പ് വരുത്തേണ്ട ഒരു ക്ഷേത്ര സമിതിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.

ഒൻപത് ദിവസത്തെ താമസമാണ് സ്വർണപ്പാളി ചെന്നൈയിലെ സ്മാർട്ട് ക്രീയേഷൻസിൽ എത്താനായി എടുത്തിരിക്കുന്നത് ഇക്കാര്യത്തിൽ പരിശോധന വേണം.2019 ൽ സ്വർണ്ണപ്പാളി കൊടുത്തുവിട്ടതുമായി ബന്ധപ്പെട്ട് ചീഫ് വിജിലൻസ് സെക്യൂരിറ്റി ഓഫിസറോട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് കോടതിയുടെ മുൻപിൽ എത്തും.