സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പ്രതീക്ഷ നഷ്ടപ്പെടുന്നുവെന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാ പിഴവിന് ഇരയായ സുമയ്യയുടെ കുടുംബം. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ക്കെതിരെ നിയമനടപടി ഉണ്ടാകുന്നില്ലെന്നാണ് പരാതി. ഡോക്ടര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും കുടുംബം പറയുന്നു.
ഞാന്‍ കൊടുത്ത പരാതിയെ കുറിച്ച് മാത്രമാണ് അവിടെ ആരോഗ്യ മന്ത്രി സംസാരിച്ചത്. ഡോക്ടറിനെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒന്നും സംസാരിച്ചിട്ടില്ല. പ്രതീക്ഷയുണ്ടായിരുന്നു. വാര്‍ത്ത കണ്ടതോടെ അത് പോയി. നടപടിയെടുക്കണം. ഇല്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകും. ചികിത്സയുമായി ബന്ധപ്പെട്ട് ഉടന്‍ ഒരു തീരുമാനം ഉണ്ടാക്കുമെന്നാണ് പറഞ്ഞത്. ഇതുവരേക്കും അവിടെ നിന്ന് ഒരിറിയിപ്പും വന്നിട്ടില്ല – സുമയ്യ പറഞ്ഞു.
തെറ്റുകാരനായ ഡോക്ടര്‍ ഇപ്പോഴും ജോലിയില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് സുമയ്യയുടെ ബന്ധുക്കളും ചൂണ്ടിക്കാട്ടി. നിയമനടപടിയുമായി മുന്നോട്ട് പോകും. സുമയ്യക്ക് നീതി കിട്ടണം – അദ്ദേഹം പറഞ്ഞു.
ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ രാജീവിനെതിരെ നിയമനടപടി ഉണ്ടാകുന്നില്ലെന്നതാണ് പ്രധാന പരാതി. ആരോഗ്യമന്ത്രിയും അതിനെക്കുറിച്ച് പറയുന്നില്ല. മുന്‍പ് കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നു, ഇപ്പോള്‍ അതിനെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഡോക്ടറെ സംരക്ഷിക്കുന്ന നിലപാട് ഉണ്ടാകുന്നു. പിഴവ് വരുത്തിയ ഡോക്ടര്‍ ഇപ്പോഴും ആശുപത്രിയില്‍ ജോലി ചെയ്യുന്നു. ഡോക്ടറെ പിരിച്ചുവിടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ശസ്ത്രക്രിയക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയെന്ന 24 വാര്‍ത്ത നിയമസഭയില്‍ ഉന്നയിച്ചിരുന്നു. ഉമാ തോമസാണ് ചോദ്യോത്തര വേളയില്‍ ഇത് സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. അന്വേഷണം നടത്തി എന്ന് വ്യക്തമാക്കിയ മന്ത്രി വീണാ ജോര്‍ജ് ഡോകടര്‍ക്കെതിരെ ഒന്നും മിണ്ടിയില്ല.