കാസര്‍ഗോഡ് ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാഞ്ഞങ്ങാട് ഡിവൈഎസ്പി സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ അഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരാണ് കേസ് അന്വേഷിക്കുന്നത്.
ചന്തേര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒന്‍പത് കേസുകളില്‍ ഒന്‍പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള യൂത്ത് ലീഗ് നേതാവ് സിറാജുദ്ദീന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിട്ടുണ്ട്. പയ്യന്നൂര്‍, കോഴിക്കോട് കസബ പൊലീസ് സ്റ്റേഷന്‍, കൊച്ചി എളമക്കര പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് കൈമാറിയ കേസുകളിലെ പ്രതികള്‍ക്കായി എറണാകുളം, കോഴിക്കോട് ജില്ലകള്‍ക്ക് കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. പണം നല്‍കിയാണ് പ്രതികള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നത് എന്നാണ് പൊലീസിന് നല്‍കിയ മൊഴി. പ്രതികളെ കുട്ടിയുമായി ബന്ധിപ്പിച്ചിരുന്ന ഏജന്റിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാവുമെന്നാണ് നിലവിലെ വിവരം.