Headlines

‘മണിപ്പൂരിലെത്താൻ വൈകിയതിന്റെ കാരണം പ്രധാനമന്ത്രി ജനങ്ങളോട് പറയണം’; ആനി രാജ

മണിപ്പൂരിലെത്താൻ വൈകിയതിന്റെ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് പറയണമെന്ന് സിപിഐ നേതാവ് ആനി രാജ. സ്വന്തം ഇമേജിന് കോട്ടം തട്ടിയെന്ന് മനസ്സിലാക്കിയപ്പോഴാണോ സന്ദർശനമെന്നും ആനി രാജ ചോദിച്ചു. വെറുതേ പോയി പാക്കേജ് പ്രഖ്യാപിച്ചതുകൊണ്ട് മണിപ്പൂർ ജനതയുടെ ദുരിതം മാറില്ലെന്നും ആനി രാജ പറഞ്ഞു.

മണിപ്പൂരിൽ താഴ്വാരത്ത് മാത്രമാണ് വികസനം നടത്തുന്നത്. കുകികളുടെ പ്രധാന ആവശ്യങ്ങൾ പരിഗണിക്കണം. കൃത്യമായ ഗൃഹപാഠം നടത്തണം.മോദിയുടെ മണിപ്പൂർ സന്ദർശനം വളരൈ വൈകിയെന്നും ജനങ്ങളുടെ മൃതദേഹം മോർച്ചറിയിൽ ഇരുന്ന് അഴുകിയിട്ടുണ്ടെന്നും ആനി രാജി പറഞ്ഞു. രണ്ട് വർഷവും മൂന്ന് മാസവും കഴിഞ്ഞു. മോദി എന്തേ ഇത്ര വൈകിയതെന്ന് ആനി രാജ ചോദിച്ചു.

ത്രികക്ഷികരാറിൽ നിന്ന് മണിപ്പൂർ സർക്കാർ പിന്മാറിയത് കേന്ദ്രത്തിന്റെ അനുമതിയോടെയാണോയെന്നും അതിർത്തി മേഖലയിൽ സായുധസംഘങ്ങൾ എത്തി കറുപ്പ് കൃഷി ചെയ്യാൻ വേണ്ടി തുറന്നിട്ട് കൊടുത്തിരിക്കുകയാണോയെന്നും ആനി രാജ ചോദിച്ചു. അതേസമയം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഇന്ത്യസഖ്യത്തിന് തിരിച്ചടിയുണ്ടായിട്ടുണ്ട്. വീഴ്ച പഠിക്കണം. ഇന്ത്യാ സഖ്യത്തിന്റെ എംപിമാരെ പണം കൊടുത്തുവാങ്ങി എന്നതടക്കമുള്ള ആരോപണങ്ങൾ പരിശോധിക്കണമെന്ന് ആനി രാജ വ്യക്തമാക്കി.

കമ്മ്യൂണിസ്റ്റ് പാർട്ടി സമ്മേളനങ്ങളിൽ വിമർശനവും സ്വയം വിമർശനവും ഉണ്ടാകുമെന്നും പോരായ്മകൾ ചൂണ്ടിക്കാട്ടുന്നത് മുന്നണിയിലെ ശത്രുവാകാനല്ലെന്നും ആനി രാജ പറഞ്ഞു. സമ്മേളനങ്ങളിൽ വിമർശനവും സ്വയം വിമർശനവും ഉണ്ടാകും ഇത് പാർട്ടിയേയും മുന്നണിയേയും ശക്തിപ്പെടുത്താനാണെന്ന് ആനി രാജ കൂട്ടിച്ചേർത്തു.