Headlines

തെരുവിലിറങ്ങി ‘ജെൻ സി’; പിന്നാലെ സമൂഹമാധ്യമ നിരോധനം നീക്കി നേപ്പാൾ

പ്രതിഷേധങ്ങൾക്കൊടുവിൽ സമൂഹ മാധ്യമ ആപ്പുകൾക്കുമേലുള്ള നിരോധനം നീക്കി നേപ്പാൾ. പൊലീസ് വെടിവെപ്പിൽ 20 പ്രതിഷേധക്കാരാണ് ഇന്നലെ മരിച്ചത്. 250 പേർക്ക് പരുക്കേറ്റു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നേപ്പാൾ ആഭ്യന്തര മന്ത്രി രമേഷ് ലേഘഖ് രാജിവച്ചു. സർക്കാരിനുള്ള പിന്തുണ നേപ്പാളി കോൺഗ്രസ് പിൻവലിച്ചേക്കുമെന്ന റിപ്പോർട്ടുകളുണ്ട്.

ഇന്നലെ വൈകീട്ട് നടന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് നേപ്പാളി കോൺഗ്രസ് മന്ത്രിമാർ വാക്കൗട്ട് നടത്തിയിരുന്നു. സമൂഹമാധ്യമ ആപ്പുകൾ നിരോധിച്ച നേപ്പാൾ സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി കെ പി ശർമ ഓലിയുടെ വസതിക്കു മുന്നിലാണ് ജെൻ സി വിഭാഗത്തിലുള്ള യുവാക്കൾ സമരം ചെയ്യുന്നത്.

സാമൂഹിക മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്നുണ്ടായ ജെൻ സി പ്രക്ഷോഭത്തിൽ അന്വേഷണം പ്രഖ്യാപിച്ച് നേപ്പാൾ സർക്കാർ. കലാപത്തെപ്പറ്റി അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. ഈ സമിതിയോട് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. യുവാക്കൾ പ്രക്ഷോഭത്തിൽ നിന്ന് പിന്മാറണമെന്ന് വാർത്താ വിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് അഭ്യർത്ഥിച്ചു. എന്നാൽ സാമൂഹ്യമാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ തീരുമാനത്തിൽ പശ്ചാത്താപം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ജെൻസി പ്രക്ഷോഭം ആളിക്കത്തിയതോടെ സർക്കാർ നിരോധനം പിൻവലിക്കുകയായിരുന്നു. അടിയന്തര മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.