ദില്ലി: പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ വ്യോമാക്രമണത്തിൽ തകർന്ന നൂർ ഖാൻ വ്യോമത്താവളത്തിൽ പുനർനിർമ്മാണം നടക്കുന്നതായി റിപ്പോർട്ട്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഫീൽഡ് മാർഷൽ അസിം മുനീറും സഞ്ചരിച്ച രണ്ട് വിഐപി വിമാനങ്ങൾ ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കായി അടുത്തിടെ ടിയാൻജിനിൽ എത്തിയിരുന്നു. ഇതിൽ മുനീർ യാത്ര തിരിച്ചത് നൂർ ഖാൻ വ്യോമത്താവളത്തിൽ നിന്നാണ്. ഇന്ത്യൻ വ്യോമാക്രമണത്തിൽ തകർന്ന പ്രദേശം ഈ വിമാനത്താവളത്തിന് തൊട്ടടുത്താണ്.
വ്യോമാക്രമണത്തിന് മുൻപുള്ള ഉപഗ്രഹ ചിത്രങ്ങളിൽ ഈ സ്ഥലത്ത് പ്രത്യേക സൈനിക ട്രക്കുകൾ ഉണ്ടായിരുന്നുവെന്ന് ഇന്റൽ ലാബിലെ ജിയോ-ഇന്റലിജൻസ് ഗവേഷകനായ ഡാമിയൻ സൈമൺ പറഞ്ഞു. ഇവ ആക്രമണത്തിൽ നശിച്ചു. ഈ ട്രക്കുകൾ എയർ, ഗ്രൗണ്ട് സംവിധാനങ്ങളെ ആശയവിനിമയ ശൃംഖലകളുമായി ബന്ധിപ്പിക്കുന്ന കമാൻഡ് ആൻഡ് കൺട്രോൾ (C2) കേന്ദ്രങ്ങളായി പ്രവർത്തിച്ചിരിക്കാമെന്ന് വിശകലന വിദഗ്ദ്ധർ വിശ്വസിക്കുന്നു.
യുഎസ് ആസ്ഥാനമായുള്ള മാക്സർ ടെക്നോളജീസിൽ നിന്ന് ലഭിച്ച പുതിയ ചിത്രങ്ങൾ പ്രകാരം, ആക്രമണം നടന്ന് നാല് മാസത്തിന് ശേഷവും നൂർ ഖാൻ വ്യോമത്താവളത്തിൽ പുനർനിർമ്മാണം നടക്കുന്നുണ്ട്. ബുധനാഴ്ച എടുത്ത ചിത്രങ്ങളിൽ പുതിയ മതിൽ ഭാഗങ്ങളും മണ്ണുമാറ്റൽ ജോലികളും നടക്കുന്നത് വ്യക്തമാണ്. പാകിസ്ഥാൻ വ്യോമസേനയുടെ നമ്പർ 12 വിഐപി സ്ക്വാഡ്രൺ (ബുറാക്സ്) ഈ താവളത്തിൽ നിന്നാണ് പ്രവർത്തിക്കുന്നത്. പ്രസിഡന്റ്, പ്രധാനമന്ത്രി, സൈനിക മേധാവികൾ, മന്ത്രിമാർ എന്നിവരുൾപ്പെടെ രാജ്യത്തെ ഉന്നത നേതാക്കളെ കൊണ്ടുപോകുന്നതിനുള്ള ചുമതല ഈ യൂണിറ്റിനാണ്.